പത്തനംതിട്ട: ടൗൺ സ്ക്വയർ ഉദ്ഘാടനം വിവാദത്തിൽ. പരിപാടിക്കിടെ അവതാരകനും അധ്യാപകനുമായ ബിനു കെ സാം സിപിഎം പ്രാദേശിക നേതാക്കളുടെ മർദനത്തിനിരയായതായി ആരോപിച്ചു. സംഭവം തനിക്ക് വലിയ മാനസിക ആഘാതം ഉണ്ടാക്കിയെന്നും, സിപിഎം ഭരിക്കുന്ന സാഹചര്യത്തിൽ പരാതിയുമായി മുന്നോട്ട് പോകാൻ താൽപര്യമില്ലെന്നും ബിനു കെ സാം പ്രതികരിച്ചു.
ബിനു കെ സാം പിണറായി വിജയൻ അടക്കമുള്ള പ്രമുഖരുടെ ചടങ്ങുകളിൽ അവതാരകനായിട്ടുണ്ടെങ്കിലും ഇത്തരം ഒരു അനുഭവം ഇതാദ്യമാണെന്നാണ് പറഞ്ഞത്. സ്പീക്കറും ആരോഗ്യമന്ത്രിയും ഉള്‍പ്പെടെ പങ്കെടുത്ത പരിപാടിയില്‍ അവരെ സ്വാഗതം ചെയ്ത രീതി ശരിയല്ലെന്ന് ചീണ്ടിക്കാട്ടിയായിരുന്നു മർദനം. നഗരസഭ ചെയർമാനുമായുള്ള സൗഹൃദത്തിന്‍റെ പുറത്താണ് ക്ഷണിച്ചപ്പോള്‍ വന്നത്. നഗരസഭ ചെയർമാനും മന്ത്രിയും തമ്മിലുള്ള തർക്കത്തിന്‍റെ ഭാഗമായി തന്നെ ഇരയാക്കിയെന്നാണ് അദ്ദേഹം അവകാശപ്പെടുന്നത്. “എന്നെ വിളിച്ച് അകത്തേക്ക് കൊണ്ടുപോയി മർദിച്ചു. നഗരസഭ ചെയർമാൻ തന്നെ നേരിട്ട് വിളിച്ച് മാപ്പ് പറയേണ്ടിവന്നു” – ബിനു കെ സാം പറഞ്ഞു.
“സിപിഎം ഭരിക്കുന്നതുകൊണ്ട് നേതാക്കൾക്കെതിരെ പരാതി നൽകിയാലും ഒന്നും സംഭവിക്കില്ല” – ബിനു കെ സാം. തൽക്കാലം നിയമ നടപടികളിലേക്ക് നീങ്ങില്ലെന്ന് വ്യക്തമാക്കി. സിപിഎം നേതൃത്വം ആരെയും ആക്രമിച്ചിട്ടില്ലെന്നും, ചടങ്ങിൽ തങ്ങളുടെ നിർദ്ദേശങ്ങൾ ശരിയായി പാലിക്കപ്പെട്ടില്ലെന്നും പ്രതികരിച്ചു. പോലീസിൽ പരാതി നൽകാതിരിക്കാൻ നഗരസഭ ചെയർമാനടക്കം നേതാക്കൾ അനുനയനീക്കം നടത്തുകയാണെന്നാണ് റിപ്പോർട്ടുകൾ.