ഐപിഎല്‍ ഫൈനലിന് സൈനിക മേധാവികളെ ക്ഷണിച്ച് ബിസിസിഐ. പാക് ഭീകരതയ്ക്കെതിരായ ഇന്ത്യയുടെ സൈനികനീക്കമായ ഓപ്പറേഷന്‍ സിന്ദൂറിന് ആദര സൂചകമായാണ് ജൂണ്‍ 3 ന് അഹമ്മദാബാദില്‍ നടക്കുന്ന ഐപിഎല്‍ ഫൈനലിലേക്ക് മൂന്ന് സായുധ സേനകളുടെയും മേധാവികളെ ബിസിസിഐ ക്ഷണിച്ചത്.
കരസേനാ മേധാവി ജനറല്‍ ഉപേന്ദ്ര ദ്വിവേദി, നാവികസേനാ മേധാവി അഡ്മിറല്‍ ദിനേശ് കെ ത്രിപാഠി, വ്യോമസേനാ മേധാവി എയര്‍ ചീഫ് മാര്‍ഷല്‍ അമര്‍ പ്രീത് സിംഗ്, ഉന്നത റാങ്കിലുള്ള ഉദ്യോഗസ്ഥര്‍, സൈനികര്‍ എന്നിവരെയാണ് ഐപിഎല്‍ ഫൈനലിലേക്ക് ക്ഷണിച്ചിട്ടുളളതെന്ന് ബിസിസിഐ സെക്രട്ടറി ദേവജിത് സൈകിയ പറഞ്ഞു.
ഏപ്രില്‍ 22-ലെ പഹല്‍ഗാം ഭീകരാക്രമണത്തിന് ഇന്ത്യയുടെ സൈനിക നീക്കമായിരുന്നു ഓപ്പറേഷന്‍ സിന്ദൂര്‍. മെയ് ഏഴിന് ആരംഭിച്ച ഓപ്പറേഷന്‍ സിന്ദൂറില്‍ ജെയ്ഷെ-ഇ-മുഹമ്മദ്, ലഷ്‌കര്‍-ഇ-തൊയ്ബ, ഹിസ്ബുള്‍ മുജാഹിദീന്‍ തുടങ്ങിയ ഭീകര സംഘടനകളുമായി ബന്ധമുള്ള നൂറിലധികം ഭീകരര്‍ കൊല്ലപ്പെട്ടു.
ആക്രമണത്തിന് ശേഷം നിയന്ത്രണ രേഖയിലും ജമ്മു കശ്മീരിലും അതിര്‍ത്തി കടന്നുള്ള ഷെല്ലാക്രമണത്തിലൂടെ പാകിസ്ഥാന്‍ തിരിച്ചടിച്ചു. അതിര്‍ത്തി പ്രദേശങ്ങളില്‍ ഡ്രോണ്‍ ആക്രമണത്തിന് ശ്രമിച്ചു. തുടര്‍ന്ന് ഇന്ത്യ ഏകോപിത ആക്രമണം നടത്തുകയും പാകിസ്ഥാനിലെ 11 വ്യോമതാവളങ്ങളിലുടനീളമുള്ള റഡാര്‍ അടിസ്ഥാന സൗകര്യങ്ങള്‍, ആശയവിനിമയ കേന്ദ്രങ്ങള്‍, വ്യോമതാവളങ്ങള്‍ എന്നിവ കകര്‍ക്കുകയും ചെയ്തു. ഇതിനുശേഷം മെയ് പത്തിന് ഇന്ത്യ-പാക് വെട്‌നിര്‍ത്തല്‍ കരാര്‍ നിലവില്‍ വന്നു.
അതേ സമയം ഇന്നലെ നടന്ന ബാംഗ്ലൂര്‍-ലഖ്‌നൗ പോരാട്ടത്തില്‍ ലഖ്‌നൗവിനെ ഏഴ് വിക്കറ്റിന് തകര്‍ത്ത് ബാംഗ്ലൂര്‍ ക്വാളിഫയര്‍ ഒന്ന് ഉറപ്പിച്ചു. ഗ്രൂപ്പ ഘട്ടത്തിലെ അവസാന മത്സരമാണ് ഇന്നലെ ലഖ്നൗവിലെ ഏകാന സ്റ്റേഡിയത്തില്‍ നടന്നത്. നാളെ ക്വാളിഫയര്‍ ഒന്നില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ പഞ്ചാബ് കിങ്സിനെ നേരിടും. മുംബൈ ഇന്ത്യന്‍സും ഗുജറാത്ത് ടൈറ്റന്‍സും എലിമിനേറ്ററില്‍ ഏറ്റുമുട്ടും.