പുതിയ ഇന്ത്യൻ കോച്ചിനായുളള ബിസിസിഐ ശ്രമങ്ങൾ പുരോഗമിക്കുന്നു. ഇതിനായി ഈ മാസം 30ന് മുമ്പ് തന്നെ അപേക്ഷകൾ സമർപ്പിക്കാനും ബിസിസിഐ ആവശ്യപ്പെട്ടിട്ടുണ്ട്. ഇന്ത്യൻ കോച്ചാകുന്നതിന് മുൻ ഇന്ത്യൻ താരം വിരേന്ദർ സെവാഗ് ഉൾപ്പടെ നിരവധി പേർ അപേക്ഷിക്കാനൊരുങ്ങുന്നതായാണ് സൂചന.
മുൻ ഇന്ത്യൻ താരം വീരേന്ദ്ര സെവാഗ്, ശ്രീലങ്കൻ താരം മഹേല ജയവർധന, ഓസീസ് താരം ടോം മൂഡി, ദക്ഷിണാഫ്രിക്കൻ താരം ഗാരി കേസ്റ്റൺ എന്നിവരാണ് ഇന്ത്യൻ കോച്ചാകാൻ അപേക്ഷിച്ചവരിൽ പ്രമുഖരെന്നാണ് സൂചന. രവി ശാസ്ത്രിയും ഒരു വട്ടം കൂടി ഇന്ത്യൻ പരിശീലകനാകാൻ ശ്രമിച്ചേക്കും.
കഴിഞ്ഞ തവണ ദൗർഭാഗ്യം കൊണ്ട് മാത്രമാണ് സെവാഗ് ഇന്ത്യൻ പരിശീലകനാകാതെ പോയത്. ഫൈനൽ റൗണ്ടിൽ രവി ശാസ്ത്രിയോട് പരാജയപ്പെട്ടാണ് സെവാഗ് പുറത്തായത്. ഇതാദ്യമായാണ് മഹേള ജയവർധയാകട്ടെ ഇന്ത്യയുടെ കോച്ചാകാൻ അപേക്ഷിക്കുന്നത്. അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നും വിരമിച്ച ശേഷം 2016 ഇംഗ്ലീഷ് ടീമിന്‍റെ ബാറ്റിംഗ് കൺസൾട്ടന്റ് ആയിരുന്നു ജയവർധനെ. തുടർന്ന് മുംബൈ ഇന്ത്യൻസിന്‍റെ പരിശീലകനായും സേവനം അനുഷ്ഠിച്ചു.
ഓസീസ് താരം ടോം മൂഡി ശ്രീലങ്കയെ ലോകകപ്പ് ഫൈനലിലെത്തിച്ചതോടെയാണ് ശ്രദ്ധേയനായത്. ഐപിഎൽ ടീമായ സൺറൈസസ് ഹൈദരാബാദിന്റെയും കോച്ചായിരുന്നു മൂഡി. അതേസമയം ഗാരി കേസ്റ്റൺ ഇന്ത്യയ്ക്ക് ലോകകപ്പ് നേടി കൊടുത്ത പരിശീലകനാണ്. 2011ൽ ഇന്ത്യ ലോകകിരീടം നേടുമ്പോൾ കേസ്റ്റണായിരുന്നു ഇന്ത്യയുടെ കോച്ച്.