മോദി വിമർശനത്തിന് പിന്നാലെ ബിബിസി ഓഫീസുകളില്‍ റെയ്ഡ്; ഒട്ടും പ്രതീക്ഷിച്ചിരുന്നില്ലെന്ന് പരിഹസിച്ച് പ്രതിപക്ഷം

Jaihind Webdesk
Tuesday, February 14, 2023

ന്യൂഡ‍ൽഹി: ബിബിസിയുടെ ഡൽഹി, മുംബൈ ഓഫീസുകളിൽ ആദായനികുതി വകുപ്പ് റെയ്ഡ് നടത്തിയതിന് പിന്നാലെ കേന്ദ്ര സർക്കാരിനെ പരിഹസിച്ച് പ്രതിപക്ഷം. ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിമർശിക്കുന്ന ‘ഇന്ത്യ: ദ മോദി ക്വസ്റ്റ്യന്‍’ എന്ന ഡോക്യുമെന്‍ററി പ്രക്ഷേപണം ചെയ്തതിന് പിന്നാലെയാണ് ബിബിസിയുടെ ഇന്ത്യയിലെ ഓഫീസുകളില്‍ റെയ്ഡ് നടന്നതെന്നതാണ് ശ്രദ്ധേയം.

ഇന്നു രാവിലെയാണ് ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥർ ബിബിസി ഓഫീസുകളിൽ എത്തിയത്. രാജ്യാന്തര നികുതി, വിനിമയം എന്നിവയിലെ ക്രമക്കേടുകളെക്കുറിച്ച് പരാതി ഉയർന്ന സാഹചര്യത്തിലാണ് പരിശോധനയെന്നായിരുന്നു വിശദീകരണം. ചില മാധ്യമപ്രവർത്തകരുടെ ഫോണുകളും രേഖകളും പിടിച്ചെടുത്തു.

ആദായനികുതി വകുപ്പ് നടത്തുന്ന പരിശോധനയിൽ കേന്ദ്രസർക്കാരിനെ പരിഹസിച്ച് കോൺഗ്രസ് രംഗത്തെത്തി. രാജ്യത്ത് ‘അപ്രഖ്യാപിത അടിയന്തരാവസ്ഥ’യാണെന്ന് കോൺഗ്രസ് ആരോപിച്ചു. ട്വിറ്ററിൽ പോസ്റ്റ് ചെയ്ത കുറിപ്പിലൂടെയാണ് കോൺഗ്രസ് ബിബിസി ഓഫിസുകളിലെ ആദായനികുതി വകുപ്പ് പരിശോധനയെ പരിഹസിച്ചത്.

‘‘ആദ്യം ബിബിസി ഡോക്യുമെന്‍ററി പുറത്തുവന്നു, അത് നിരോധിക്കപ്പെട്ടു. ഇപ്പോൾ ആദായനികുതി വകുപ്പ് ബിബിസി ഓഫീസ് റെയ്ഡ് ചെയ്യുന്നു. അപ്രഖ്യാപിത അടിയന്തരാവസ്ഥ’ – കോൺഗ്രസ് ട്വീറ്റ് ചെയ്തു.

 

മോദി ഭരണത്തില്‍ മാധ്യമസ്വാതന്ത്ര്യം തുടർച്ചയായി ഹനിക്കപ്പെടുകയാണെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാർജുന്‍ ഖാർഗെ ട്വിറ്ററില്‍ കുറിച്ചു. വിമർശിക്കുന്നവരെ പ്രതികാരബുദ്ധിയോടെ കടന്നാക്രമിക്കുകയാണ് ചെയ്യുന്നത്. പ്രതിപക്ഷത്തെയും മാധ്യമങ്ങളെയും ആക്രമിക്കാൻ കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ചാൽ ഒരു ജനാധിപത്യത്തിനും നിലനിൽക്കാനാവില്ല. ജനങ്ങൾ ഇതിനെ ചെറുക്കുമെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.

അദാനി ഗ്രൂപ്പിനെതിരായ ആരോപണങ്ങളിൽ പ്രതിപക്ഷം അന്വേഷണം ആവശ്യപ്പെട്ട് പ്രതിഷേധിക്കുമ്പോഴും കേന്ദ്ര സർക്കാർ ബിബിസിക്ക് പിന്നാലെ പോവുകയാണെന്ന് നേതാക്കൾ വിമർശിച്ചു. വിനാശകാലെ വിപരീത ബുദ്ധി എന്നായിരുന്നു കോണ്‍ഗ്രസ് നേതാവ് ജയ്റാം രമേശ് പ്രതികരിച്ചത്.

‘‘അദാനി വിഷയം അന്വേഷിക്കാൻ സംയുക്ത പാർലമെന്‍ററി കമ്മിറ്റിയെ നിയോഗിക്കണമെന്നാണ് പ്രതിപക്ഷം ആവശ്യപ്പെടുന്നത്. പക്ഷേ, സർക്കാർ ബിബിസിയുടെ പിന്നാലെയാണ്. വിനാശകാലേ വിപരീതബുദ്ധി’ – ജയ്റാം രമേശ് ട്വീറ്റ് ചെയ്തു.

 

തൃണമൂൽ കോൺഗ്രസ് നേതാവും എംപിയുമായ മഹുവ മൊയ്ത്രയും കേന്ദ്രത്തെ പരിഹസിച്ച് രംഗത്തെത്തി. ‘‘ബിബിസിയുടെ ഡൽഹി ഓഫിസിൽ ആദായനികുതി വകുപ്പ് റെയ്ഡ് നടത്തുന്നതായി റിപ്പോർട്ടുകൾ കണ്ടു. ഉള്ളതാണോ? തികച്ചും അപ്രതീക്ഷിതം’ – മഹുവ മൊയ്ത്ര ട്വീറ്റ് ചെയ്തു.

 

ഗുജറാത്ത് കലാപത്തിൽ നരേന്ദ്ര മോദിക്ക് പങ്കുണ്ടെന്നും വംശഹത്യയിൽ കുറ്റവാളിയാണെന്നും ബ്രിട്ടിഷ് വിദേശകാര്യ മന്ത്രാലയത്തിൽ രേഖകളുണ്ടെന്നും പറയുന്ന ബിബിസി ഡോക്യുമെന്‍ററിയുടെ പ്രദർശനത്തിന് ഇന്ത്യയില്‍ കേന്ദ്ര സർക്കാർ വിലക്ക് ഏർപ്പെടുത്തിയിരുന്നു. എന്നാൽ ഡോക്യുമെന്‍ററി നിരോധിക്കണമെന്ന ഹർജി സുപ്രീം കോടതി തള്ളിയിരുന്നു. ഡോക്യുമെന്‍ററി സംപ്രേഷണം ചെയ്തതിന് പിന്നാലെയാണ് ബിബിസിയുടെ ഇന്ത്യയിലെ ഓഫീസുകളില്‍ ആദായനികുതിവകുപ്പ് റെയ്ഡ് എന്നതാണ് ശ്രദ്ധേയം. എതിർ ശബ്ദങ്ങളെ കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ച്  ആക്രമിക്കുക എന്ന കേന്ദ്ര സർക്കാർ നടപടിയുടെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാവുകയാണ് ബിബിസി ഓഫീസിലെ ആദായനികുതിവകുപ്പ് റെയ്ഡ് എന്ന ആക്ഷേപമാണ് ഉയരുന്നത്.