ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; കേരളത്തില്‍ ഇന്നും നാളെയും ശക്തമായ മഴ; യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു

Jaihind News Bureau
Saturday, November 22, 2025

സംസ്ഥാനത്ത് അടുത്ത രണ്ട് ദിവസം ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. തെക്കന്‍ കേരളത്തിലും മധ്യകേരളത്തിലുമാണ് കൂടുതല്‍ മഴ ലഭിക്കാന്‍ സാധ്യത. ഇന്ന് (ശനിയാഴ്ച) തിരുവനന്തപുരം, പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിലും നാളെ (ഞായറാഴ്ച) തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലും ശക്തമായ മഴ കണക്കിലെടുത്ത് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.

നിലവില്‍ തെക്ക് കിഴക്കന്‍ അറബിക്കടലിന് മുകളില്‍ ഒരു ചക്രവാതച്ചുഴി സ്ഥിതിചെയ്യുന്നുണ്ട്. ഇതിന് പുറമെ ഇന്ന് തെക്ക് കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലിനു മുകളില്‍ പുതിയ ന്യൂനമര്‍ദ്ദം രൂപപ്പെടാന്‍ സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി.

ഈ ന്യൂനമര്‍ദ്ദം തുടര്‍ന്ന് പടിഞ്ഞാറ്-വടക്കുപടിഞ്ഞാറ് ദിശയില്‍ സഞ്ചരിച്ച് നവംബര്‍ 24-ഓടെ തെക്കന്‍ ബംഗാള്‍ ഉള്‍ക്കടലിന്റെ മധ്യഭാഗത്ത് തീവ്ര ന്യൂനമര്‍ദ്ദമായി ശക്തിപ്പെടാന്‍ സാധ്യതയുണ്ട്. ഈ കാലാവസ്ഥാ മാറ്റങ്ങളുടെ ഭാഗമായാണ് വരും ദിവസങ്ങളില്‍ സംസ്ഥാനത്ത് ശക്തമായ മഴ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. ഇന്നും നാളെയും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നും നവംബര്‍ 24 വരെ ഇടിമിന്നലിന് സാധ്യതയുണ്ടെന്നും മുന്നറിയിപ്പില്‍ പറയുന്നു.

അതേസമയം, കേരള, കര്‍ണാടക, ലക്ഷദ്വീപ് തീരങ്ങളില്‍ ഇന്ന് മത്സ്യബന്ധനത്തിന് തടസ്സമില്ലെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചിട്ടുണ്ട്. മത്സ്യത്തൊഴിലാളികള്‍ക്ക് സാധാരണ നിലയില്‍ കടലില്‍ പോകാവുന്നതാണ്.