കോപ്പ ഡെൽ റേ : ക്വാർട്ടർ ഉറപ്പിച്ച്‌ ബാഴ്സലോണ

Jaihind Webdesk
Friday, January 18, 2019

Barcelona v Levante

പ്രീ ക്വാർട്ടറിൽ ലെവന്റെയെ ഏകപക്ഷീയമായ മൂന്ന് ഗോളുകൾക്ക് തോൽപിച്ച് ബാഴ്സലോണ കോപ്പ ഡെൽ റേ ക്വാർട്ടർ ഉറപ്പിച്ചു. ആദ്യ പാദത്തിൽ 2-1ന് തോറ്റതിന് ശേഷമാണു ബാഴ്സലോണ രണ്ടാം പാദം ജയിച്ച് ക്വാർട്ടർ ഉറപ്പിച്ചത്.

രണ്ടു പാദങ്ങളിലുമായി 4-2ന്റെ വിജയമാണ് ബാഴ്സലോണ നേടിയത്. ബാഴ്സലോണക്ക് വേണ്ടി ഡെംബെലെ ഇരട്ട ഗോൾ നേടിയപ്പോൾ മൂന്നാമത്തെ ഗോൾ മെസിയാണ് നേടിയത്.

ആദ്യ പാദത്തിൽ പിറകിലായത് കൊണ്ട്തന്നെ ശക്തമായ ടീമിനെയാണ് ബാഴ്സലോണ ഇറക്കിയത്. ആദ്യ പാദത്തിൽ കളിക്കാതിരുന്ന മെസ്സിയെ ഇറക്കിയാണ് ബാഴ്സലോണ മത്സരം തുടങ്ങിയത്. മത്സരം തുടങ്ങി അര മണിക്കൂർ ആയപ്പോഴേക്കും രണ്ടു മിനിറ്റിനിടെ രണ്ടു ഗോളടിച്ച് ബാഴ്സലോണ മത്സരത്തിൽ ആധിപത്യം ഉറപ്പിച്ചു. ബാഴ്സലോണയുടെ രണ്ടു ഗോളുകളും നേടിയത് ഡെംബെലെയായിരുന്നു. ഭാഗ്യത്തിന്റെ സഹായത്തോടെ ആയിരുന്നു രണ്ടു ഗോളുകൾ എങ്കിലും രണ്ട് പാദത്തിലുമായി ലീഡ് നേടിയതോടെ ലെവന്റെക്ക് ബാഴ്സലോണക്കെതിരെ മറുപടി ഉണ്ടായിരുന്നില്ല.

തുടർന്ന് രണ്ടാം പകുതിയിലാണ് ക്വാർട്ടർ ഉറപ്പിച്ച മെസ്സിയുടെ ഗോൾ പിറന്നത്. നെൽസൺ സെമെഡോയുടെ പാസിൽ നിന്നായിരുന്നു മെസ്സിയുടെ ഗോൾ പിറന്നത്. മത്സരം ജയിച്ചെങ്കിലും ആദ്യ പാദത്തിൽ വിലക്ക് നേരിടുന്ന താരത്തെ കളിപ്പിച്ചെന്ന പരാതിയിൽ ലെവന്റെ സ്പാനിഷ് ഫുട്‌ബോൾ അസോസിയേഷനെ സമീപിക്കുമെന്ന് പറഞ്ഞിട്ടുണ്ട്. സെഗുണ്ട ബി ഡിവിഷനിൽ അഞ്ച് മഞ്ഞ കാർഡ് കിട്ടിയ ഷുമിയെ കളിപ്പിച്ചതാണ് ബാഴ്സലോണക്ക് വിനയായത്. താരത്തിന്റെ വിലക്ക് സത്യമാണെങ്കിൽ ബാഴ്സലോണ കോപ്പ ഡെൽ റേയിൽ നിന്ന് പുറത്താക്കപെടും.