ബാറുടമകളില്‍ നിന്ന് പിരിച്ചെടുക്കാനുള്ള കുടിശ്ശിക സംബന്ധിച്ച് ഉത്തരമില്ലാതെ സര്‍ക്കാര്‍; വിവരങ്ങള്‍ പുറത്തുവിടാതെ ഒളിച്ചുകളി | VIDEO

Jaihind News Bureau
Thursday, May 7, 2020

 

സംസ്ഥാനത്ത് ബാറുടമകളില്‍ നിന്ന് പിരിച്ചെടുക്കാനുള്ള കുടിശ്ശിക സംബന്ധിച്ച് ഉത്തരമില്ലാതെ സര്‍ക്കാര്‍. കൊവിഡ് കാലത്ത് സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരില്‍ നിന്ന് ശമ്പളം പിടിക്കുമ്പോഴും ബാറുടമകള്‍ നല്‍കാനുള്ള കോടികണക്കിന് രൂപയുടെ കുടിശ്ശിക സംബന്ധിച്ച് സര്‍ക്കാര്‍ വിവരങ്ങള്‍ പോലും പുറത്ത് വിടാന്‍ തയ്യാറല്ല എന്നാണ് ആക്ഷേപം.

എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലേറിയ ദിവസം മുതല്‍ സാമ്പത്തിക പ്രതിസന്ധിയെ കുറിച്ചുള്ള പ്രസ്താവനകളും കണക്കുകളും മാത്രമാണ് പുറത്ത് വരുന്നത്. എങ്കിലും ഈ കാലത്തും സര്‍ക്കാരിന്റെ ധൂര്‍ത്തിന് ഒട്ടും കുറവുണ്ടായിരുന്നില്ല. എന്നാലും കൊവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് സംസ്ഥാനം സാമ്പത്തികമായി പൂര്‍ണ്ണമായി തകര്‍ന്നിരിക്കുമ്പോഴും ബാറുടമകളെ സംരക്ഷിക്കുന്ന നിലപാടാണ് സംസ്ഥാന സര്‍ക്കാരിന് എന്ന ആക്ഷേപം ഉയര്‍ന്നിരുന്നു. ഇത് ശരിവെക്കുന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകളാണ് ഇപ്പോഴും പുറത്ത് വരുന്നത്. കഴിഞ്ഞ ഫെബ്രുവരി മാസത്തില്‍ നിയമസഭയുടെ 18ാം സമ്മേളനത്തിലും ബാറുടമകളില്‍ നിന്ന് പിരിച്ചെടാക്കാനുള്ള നികുതി കുടിശ്ശിക സംബന്ധിച്ചുള്ള എം വിന്‍സെന്റ് എം എല്‍എയുടെ ചോദ്യത്തിന് മറുപടി നല്‍കാതെ എക്‌സൈസ് വകുപ്പ് ഒഴിഞ്ഞു മാറുകയായിരുന്നു. വിവരം ശേഖരിച്ചു വരുന്നു എന്ന് മാത്രമായിരുന്നു മറുപടി.

സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധിക്ക് പ്രധാന കാരണം സംസ്ഥാന സര്‍ക്കാരിന്റെ ധൂര്‍ത്തും നികുതി കുടിശ്ശിക പരിച്ചെടുക്കുന്നതിലുള്ള അനാസ്ഥയുമാണ് എന്ന ആരോപണവും ശക്തമായിരുന്നു. നികുതി പിരിക്കുന്നതില്‍ വന്ന പാളിച്ചകളും നികുതി വെട്ടിപ്പുമാണ് സംസ്ഥാനത്തെ സാമ്പത്തിക പ്രതിസന്ധിക്ക് പ്രധാന കാരണമെന്ന് ധനമന്ത്രി പോലും തുറന്ന് സമ്മതിച്ചിട്ടുമുണ്ട്. സംസ്ഥാനത്തെ സാമ്പത്തികപ്രതിസന്ധിയുടെ പ്രധാന കാരണങ്ങളിലൊന്ന് നികുതിവകുപ്പിന്റെ കെടുകാര്യസ്ഥതയാണെന്ന് ഉന്നയിച്ച് കഴിഞ്ഞ സഭാ സമ്മേളനത്തില്‍ വി.ഡി സതീശന്‍ എംഎല്‍എ അടിയന്തിരപ്രമേയവും സബ്മിഷനും കൊണ്ടുവന്നിരുന്നു. യുഡിഎഫ് പുറത്തിറക്കിയ ധവള പത്രത്തിലും നികുതി വകുപ്പിന്റെ കെടുകാര്യസ്ഥത സംബന്ധിച്ച് കൃത്യമായ ചിത്രം നല്‍കുന്നുണ്ട്. യുഡിഎഫ് ധവളപത്രത്തെ തള്ളി പറഞ്ഞെങ്കിലും അതില്‍ അക്കമിട്ട് നിരത്തിയ ആരോപണങ്ങള്‍ ചൂണ്ടികാണിച്ച് കൊണ്ടാണ് തിരുത്തല്‍ നടപടികള്‍ വേണമെന്ന് ധനമന്ത്രി ആവശ്യപ്പെട്ടത്.

ധവളപത്രം മുന്‍നിര്‍ത്തി തുറന്ന സംവാദത്തിന് തയ്യാറാകണമെന്ന പ്രതിപക്ഷത്തിന്റെ ആവശ്യവും ധനമന്ത്രി ഇത് വരെ അംഗീകരിച്ചിട്ടില്ല. ഏതാണ്ട് 30,000 കോടിയാണ് കഴിഞ്ഞ മൂന്ന് വര്‍ഷമായി നികുതി ഇനത്തില്‍ മാത്രം പിരിഞ്ഞ് കിട്ടാനുള്ളത്. അതേസമയം, ഈ കോവിഡ് കാലത്തും പലവട്ടം ബാറുകള്‍ തുറക്കാനും ബാറുടമകളെ വരുമാനം കുറയാതെ സംരക്ഷിക്കാനും ശ്രമിച്ച സര്‍ക്കാര്‍ ഇവരില്‍ നിന്ന് നികുതിയിനത്തില്‍ പിരിച്ചെടുക്കാനുള്ള തുക പോലും വ്യക്മാക്കാതെ വീണ്ടും അവിശുദ്ധ കൂട്ടുക്കെട്ട് നിലനിര്‍ത്തുന്നു എന്നാണ് ആക്ഷേപം. കൊവിഡ് കാലത്തും സര്‍ക്കാരിന്റെ ഈ നിലപാട് കൂടുതല്‍ പ്രതിസന്ധികളിലേക്ക് തള്ളിയിടും.

 

https://www.facebook.com/JaihindNewsChannel/videos/530282610991053