ബാർ കോഴ വിവാദം; ക്രൈംബ്രാഞ്ച് അന്വേഷണം മന്ദഗതിയില്‍, ബാറുടമകൾ മലക്കം മറിഞ്ഞത് അന്വേഷണത്തെ ബാധിച്ചു

Jaihind Webdesk
Sunday, June 9, 2024

 

തിരുവനന്തപുരം: ബാർ കോഴ വിവാദത്തിലെ ക്രൈംബ്രാഞ്ച് അന്വേഷണം മന്ദഗതിയില്‍. നയമാറ്റത്തിന് പണപ്പരിവ് നടത്തിയിട്ടില്ലെന്ന ബാറുടമകളുടെ മലക്കം മറിച്ചിലോടെയാണ് അന്വേഷണം സാവധാനത്തിലായത്. ബാർ ഹോട്ടൽ അസോസിയേഷൻ സംസ്ഥാന നേതാക്കളുടെ മൊഴിയെടുപ്പ് പോലും ഇതുവരെ പൂർത്തിയാക്കിയിട്ടില്ല. അതേസമയം, പെരുമാറ്റ ചട്ടം മാറിയ സാഹചര്യത്തിൽ മദ്യനയ ചർച്ചകള്‍ക്ക് ഈ ആഴ്ച തുടക്കമാകും.

ഡ്രൈ ഡേ മാറ്റുന്നതിനും സമയ പരിധി നീട്ടുന്നതിനും പരോപകാരമായി പണപ്പിരിവ് നടത്തണമെന്ന ബാർ ഹോട്ടൽ അസോസിയേഷൻ നേതാവ് അനിമോന്‍റെ ഓഡിയോ സന്ദേശം പുറത്തുവന്നതോടെയാണ് വിവാദം പുകയുന്നത്. ഡ്രൈ ഡേ മാറേണ്ടത് എല്ലാ ബാറുകാരുടെയും ആവശ്യമായതിനാൽ പിരിവിനെ കുറിച്ച് ആരും ക്രൈബ്രാഞ്ചിന് മൊഴി നൽകിയിട്ടില്ല. ബാറുടകളുടെ സംസ്ഥാന നേതാക്കളുടെ മൊഴി ഇതുവരെ രേഖപ്പെടുത്തിയിട്ടില്ല. ഫോണ്‍വിളി വിശദാംശങ്ങളാണ് പരിശോധിക്കുന്നത്. ഓഡിയോ പുറത്തുവന്നതിൽ ഗൂഢാലോചനയുണ്ടോയെന്നും അന്വേഷിക്കുന്നുണ്ട്.

മദ്യനയത്തിൽ ഉദ്യോഗസ്ഥ തലത്തിൽ പ്രാഥമിക ചർച്ചകള്‍ നടന്നിട്ടുണ്ട്. അതിനാൽ ഉദ്യോഗസ്ഥരുടെ ഉള്‍പ്പടെ മൊഴിയെല്ലാം പൂർത്തിയാക്കുമ്പോള്‍ സമയമെടുക്കുമെന്നാണ് അന്വേഷണ സംഘം പറയുന്നത്. നയംമാറ്റത്തിന് തയ്യാറായ സർക്കാരിന് ഡ്രൈ ഡേ മാറ്റുക എളുപ്പമല്ല. നയം മാറിയില്ലെങ്കിൽ ബാറുടമകളുടെ അടുത്ത നീക്കവും പ്രധാനമാണ്.