കെട്ടിടനിർമ്മാണത്തിനായി ബാറുടമകള്‍ നേരത്തേ പിരിവ് നടത്തിയിരുന്നു; ബാർ കോഴയില്‍ സർക്കാരിനെ വെട്ടിലാക്കി രേഖകള്‍

Jaihind Webdesk
Tuesday, May 28, 2024

 

തിരുവനന്തപുരം: ബാർ കോഴ പണപ്പിരിവ് കെട്ടിട നിർമ്മാണത്തിനെന്ന ബാർ ഉടമകളുടെ വാദം പൊളിയുന്നു. കെട്ടിട ഫണ്ടിലേക്ക് ഒരു ലക്ഷം രൂപ വീതം മാസങ്ങൾക്ക് മുമ്പേ പിരിച്ചിരുന്നു.  472 ബാർ ഉടമകൾ കെട്ടിട ഫണ്ടിലേക്ക് പണം നൽകിയതിന്‍റെ പട്ടികയും പുറത്തുവന്നു. ബാറുടമകളുടെ സംഘടനയുടെ സംസ്ഥാന വൈസ് പ്രസിഡന്‍റ് അനിമോന്‍റെ ശബ്ദസന്ദേശമാണ് ബാർ കോഴയിലേക്ക് വിരല്‍ചൂണ്ടിയത്.

അനിമോന്‍ പറഞ്ഞത്:

“പണം കൊടുക്കാതെ ആരും നമ്മളെ സഹായിക്കില്ല. രണ്ടര ലക്ഷം രൂപവെച്ചു തരാന്‍ പറ്റുന്നവര്‍ തരുക. തിരഞ്ഞെടുപ്പു കഴിഞ്ഞാല്‍ പുതിയ മദ്യനയം വരും. അതില്‍ ഡ്രൈ ഡേ എടുത്തു കളയും. അതിനു കൊടുക്കേണ്ടതു കൊടുക്കണം. ഇടുക്കി ജില്ലയില്‍ നിന്ന് ഒരു ഹോട്ടല്‍ മാത്രമാണ് 2.5 ലക്ഷം നല്‍കിയത്. ചിലര്‍ വ്യക്തിപരമായി പണം നല്‍കിയിട്ടുണ്ട്”.

ഇതിന് പിന്നിലെ കോടികളുടെ അഴിമതി വലിയ ചർച്ചയായതോടെ സർക്കാരും സിപിഎമ്മും പ്രതിസന്ധിയിലായി. ഇതോടെ മുഖം രക്ഷിക്കല്‍ നടപടികള്‍ക്കും തിരക്കിട്ട് തുടക്കംകുറിച്ചു. പിന്നാലെ അനിമോന്‍ മലക്കം മറിഞ്ഞെങ്കിലും സർക്കാരിനെ കുടുക്കിലാക്കുന്ന തെളിവുകള്‍ ഒന്നൊന്നായി പുറത്തുവരികയാണ്. കെട്ടിടം വാങ്ങാൻ 50 ലക്ഷം പിരിക്കാൻ സംസ്ഥാന പ്രസിഡന്‍റ് ചെലുത്തിയ സമ്മർദ്ദത്തിലാണ് ശബ്ദരേഖ ഗ്രൂപ്പിലിട്ടതെന്നാണ് അനിമോൻ മൊഴി കൊടുത്തത്. അന്ന് താൻ എന്താണ് പറഞ്ഞതെന്ന് ഇപ്പോൾ ഓർമ്മയില്ല എന്ന നിലപാടാണ് ഇയാൾ സ്വീകരിച്ചിരിക്കുന്നത്. എന്നാൽ കെട്ടിടം വാങ്ങാന്‍ നേരത്തെ പണപ്പിരിവ് നടത്തിയിരുന്ന രേഖകള്‍ പുറത്തുവന്നതോടെ സർക്കാരിന് കാര്യങ്ങള്‍ പ്രതീക്ഷച്ചതുപോലെ എളുപ്പമാവില്ല. ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷം വരും ദിവസങ്ങളിൽ പ്രതിഷേധം ശക്തമാക്കും. ടൂറിസം വകുപ്പ് മെയ് 21-ന് നടത്തിയ യോഗത്തിലാണ് മദ്യനയത്തില്‍ ഭേദഗതി വരുത്തണമെന്ന തീരുമാനം എടുത്തതെന്ന് പ്രതിപക്ഷം ചൂണ്ടിക്കാട്ടി. എക്സൈസ് വകുപ്പിനെ ടൂറിസം വകുപ്പ് ഹൈജാക്ക് ചെയ്തെന്നും പ്രതിപക്ഷം കുറ്റപ്പെടുത്തി.

അതേസമയം ബാർ കോഴയിൽ അന്വേഷണസംഘം മൊഴിയെടുപ്പ് തുടരുകയാണ്. അനിമോൻ ശബ്ദ സന്ദേശമിട്ട ഗ്രൂപ്പിലെ മറ്റു ബാറുടമകളുടെ മൊഴി ഇന്ന് രേഖപ്പെടുത്തും. 45 പേരുള്ള ഗ്രൂപ്പിലാണ് ശബ്ദരേഖയിട്ടത്. അതിനു ശേഷം ബാര്‍ ഹോട്ടല്‍ അസോസിയേഷന്‍ ഭാരവാഹികളുടെ മൊഴി രേഖപ്പെടുത്തും. ബാറുടമകളുടെ സംഘടനയുടെ സംസ്ഥാന വൈസ് പ്രസിഡന്‍റായ അനിമോന്‍റെ മൊഴി കഴിഞ്ഞദിവസം രേഖപ്പെടുത്തിയിരുന്നു.