മെഹുല്‍ ചോക്‌സിയടക്കം 50 പേരുടെ 68,000കോടിയുടെ വായ്പകള്‍ എഴുതിതള്ളി ബാങ്കുകള്‍; വിവരം വെളിപ്പെടുത്തി ആര്‍ബിഐ

Jaihind News Bureau
Tuesday, April 28, 2020

RBI-Digital-Currency

കോടികളുടെ വായ്പയെടുത്ത് രാജ്യംവിട്ട മെഹുല്‍ ചോക്‌സി ഉള്‍പ്പടെയുള്ള 50 പേരുടെ വായ്പകള്‍ എഴുതിതള്ളി ബാങ്കുകള്‍.  68,607 കോടി രൂപയുടെ വായ്പകളാണ് ബാങ്കുകള്‍ എഴുതിതള്ളിയത്. സാകേത് ഗോഖലെ എന്ന വിവരാവകാശ പ്രവര്‍ത്തകന്‍ നല്‍കിയ അപേക്ഷയില്‍ റിസര്‍വ് ബാങ്കാണ് വിവരം വെളിപ്പെടുത്തിയത്.

ഫെബ്രുവരി 16ന് പാര്‍ലമെന്റില്‍ രാഹുല്‍ ഗാന്ധിയുടെ ആവര്‍ത്തിച്ചുള്ള ചോദ്യങ്ങള്‍ക്ക് ധനമന്ത്രി നിര്‍മല സീതാരാമനും സഹമന്ത്രി അനുരാഗ് ഠാക്കൂറും മറുപടി നല്‍കാതിരുന്നതിനാലാണ് താന്‍ ആര്‍ബിഐയെ സമീപിച്ചതെന്ന് സാകേത് ഗോഖലെ പറയുന്നു.

മെഹുല്‍ ചോക്‌സിയുടെ വിവാദ കമ്പനിയായ ഗീതാഞ്ജലി ജെംസ് ലിമിറ്റഡിന് 5,492 കോടി രൂപയാണ് കുടിശ്ശികയുണ്ടായിരുന്നത്. മറ്റ് കമ്പനികളായ ഗിലി ഇന്ത്യ ലിമിറ്റഡ്, നക്ഷത്ര ബ്രാന്‍ഡ്‌സ് ലിമിറ്റഡ് എന്നിവ 1,447 കോടി രൂപയും 1,109 കോടി രൂപയും വായ്പയെടുത്തിരുന്നു.

സന്ദീപ് ജുജുന്‍വാലയുടെ സ്ഥാപനമായ ആര്‍.ഇ.ഐ അഗ്രോ ലിമിറ്റഡാണ് രണ്ടാമത്തെ വലിയ വായ്പാ കുടിശ്ശികക്കാരന്‍. 4314 കോടിയാണ് ഇവരുടെ കുടിശ്ശിക. 1000 കോടിക്ക് മുകളില്‍ വായ്പാ കുടിശ്ശിക വരുത്തിയതില്‍ 18 കമ്പനികളാണുള്ളത്.