തൃശൂർ : കരുവന്നൂർ ബാങ്ക് തട്ടിപ്പ് അന്വേഷണത്തിന് സഹകരണ വകുപ്പ് നിയോഗിച്ച ഒമ്പതംഗ സംഘം പ്രാഥമിക റിപ്പോർട്ട് തയാറാക്കി. റിപ്പോർട്ട് ഉടൻ തന്നെ സഹകരണ രജിസ്ട്രാർക്ക് സമർപ്പിക്കും. അതേസമയം കേസിലെ പ്രതികളുടെ അറസ്റ്റ് വൈകുന്നതിൽ പ്രതിഷേധം ശക്തമാവുകയാണ്.
സഹകരണ രജിസ്ട്രാറുടെ നിർദേശ പ്രകാരം അഡീഷണൽ രജിസ്ട്രാറുടെ നേതൃത്വത്തിലുള്ള ഒമ്പതംഗ സംഘം ഒരാഴ്ച മുമ്പാണ് ബാങ്കിൽ പരിശോധന തുടങ്ങിയത്. ബാങ്കിന്റെ ആസ്തി, ബാധ്യത, നടന്ന ക്രമക്കേടുകൾ, തട്ടിപ്പിന്റെ വ്യാപ്തി എന്നീ കാര്യങ്ങളിൽ ഇവർ പ്രാഥമിക അന്വേഷണം നടത്തി. ഈ റിപ്പോർട്ട് ഉടൻ തന്നെ സഹകരണ രജിസ്ട്രാർക്ക് സമർപ്പിക്കും. അന്തിമ റിപ്പോർട്ടിന് 30 ദിവസത്തെ സമയമാണ് അനുവദിച്ചിട്ടുള്ളത്. സഹകരണ സ്ഥാപനങ്ങളിൽ ഇത്തരം തട്ടിപ്പുകൾ എങ്ങനെ തടയാം എന്നതടക്കമുള്ള ശുപാർശകളും അന്തിമ റിപ്പോർട്ടിലുണ്ടാകും. ഇതിനായി തട്ടിപ്പ് നടന്ന മറ്റ് സഹകരണ സ്ഥാപനങ്ങളിലും ഈ സംഘം പരിശോധന നടത്തും.
അതിനിടെ കേസിലെ ക്രൈംബ്രാഞ്ച് അന്വേഷണം സംബന്ധിച്ച് അവ്യക്തതകൾ തുടരുകയാണ്. നാല് പ്രതികൾ പിടിയിലായെന്ന് വിവരം പുറത്ത് വന്നെങ്കിലും ക്രൈംബ്രാഞ്ച് ഇക്കാര്യം നിഷേധിച്ചു. പ്രതികൾ ഒളിവിലാണെങ്കിൽ ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കണം. ഇക്കാര്യത്തിലും നടപടിയായിട്ടില്ല. എന്താണ് തടസമെന്നും അന്വേഷണ സംഘം വിശദീകരിക്കാൻ തയാറായിട്ടില്ല. മുഖ്യ പ്രതികളുടെ സിപിഎം ബന്ധമാണ് അറസ്റ്റ് വൈകുന്നതിന് കാരണമെന്ന ആരോപണവുമായി കോൺഗ്രസ് ജില്ലയിൽ സമര രംഗത്താണ്.