JAIHIND EXCLUSIVE |വായ്പ കുടിശ്ശിക ; ബിനീഷ് കോടിയേരിയുടെ ഫ്ലാറ്റില്‍ ബാങ്ക് ജപ്തി നോട്ടീസ് ; നടപടിക്കൊരുങ്ങി കൂടുതല്‍ ധനകാര്യസ്ഥാപനങ്ങളും | VIDEO

 

തിരുവനന്തപുരം:  ബിനീഷ് കോടിയേരിയുടെ ഉടമസ്ഥതയിലുള്ള തിരുവനന്തപുരത്തെ അത്യാഢംബര ഫ്ലാറ്റിന്‍റെ വായ്പാ കുടിശ്ശിക മുടങ്ങിയതിനെ തുടര്‍ന്ന് ബാങ്ക് ജപ്തി നോട്ടീസ് പതിച്ചു. തിരുവനന്തപുരം പ്രിന്‍സിപ്പല്‍ സബ്‌കോടതിയുടെ നിര്‍ദേശ പ്രകാരമാണ് ജപ്തി നോട്ടീസ് പതിപ്പിച്ചത്. ഇന്ന് ഉച്ചയോടെയാണ് സ്റ്റേറ്റ് ബാങ്ക് അധികൃതര്‍ ഫ്ലാറ്റിലെത്തി ജപ്തി നോട്ടീസ് പതിച്ചത്.

തമ്പാനൂര്‍ കൈരളി തിയേറ്ററിന് സമീപമുള്ള നികുഞ്ജം കെട്ടിട സമുച്ചയത്തിലാണ് ബിനീഷിന്‍റെയും ഗാർഡിയൻ ബിൽഡേഴ്സ് ഉടമ സേവി മനോ മാത്യുവിന്‍റെയും പേരിൽ അത്യാഡംബര ഫ്ലാറ്റുള്ളത്. ഫ്ലാറ്റ് സമുച്ചയത്തിലെ 1 G എന്ന ഇരുവരുടെയും ഉടമസ്ഥതയിലുള്ള ഫ്ലാറ്റിലാണ് ജപ്തി നോട്ടീസ് പതിച്ചിട്ടുള്ളത്.

മുമ്പ് ഫ്ലാറ്റ് വാങ്ങാൻ ബാങ്കില്‍ നിന്നും വായ്പ തുകയിൽ പന്ത്രണ്ടര ലക്ഷം രൂപയുടെ കുടിശ്ശിക ഉണ്ടായതിനെതുടര്‍ന്നാണ് ജപ്തി നടപടികളിലേക്ക് ബാങ്ക് കടന്നത്.  തലശ്ശേരിയിലെ വിലാസത്തിലാണ് ബിനീഷ് വായ്പ എടുത്തിരിക്കുന്നത്. വി.എസ് സർക്കാരിന്‍റെ കാലത്ത് ഏറെ വിവാദമായ മെർക്കിസ്റ്റൺ ഭൂമി വിവാദത്തിൽപ്പെട്ട വ്യവസായിയായ സേവി മനോ മാത്യുവിന്‍റെ ഉടമസ്ഥതയിലുണ്ടായിരുന്ന ഫ്ലാറ്റ് സമുച്ചയം പിന്നീട് നികുഞ്ജം ഗ്രൂപ്പിന് കൈമാറുകയായിരുന്നു.

എന്നാൽ ഇതിൽപ്പെട്ട ഒരു ഫ്ലാറ്റ് ബിനീഷിന്‍റെയും ഗാർഡിയൻ ബിൽഡേഴ്സ് ഉടമയുടെയും പേരിലാണ് ഇപ്പോഴുമുള്ളത്. മുമ്പ് കോടിയേരി ബാലകൃഷ്ണൻ ആഭ്യന്തരമന്ത്രിയായിരുന്ന സമയത്ത് സേവി മനോ മാത്യുവുമായുള്ള ബന്ധം ഏറെ വിവാദമായിരുന്നു. നിലവിൽ വായ്പ മുടങ്ങിയ ഫ്ലാറ്റിന്‍റെ സംയുക്ത ഉടമസ്ഥതയും സി.പി.എമ്മിനുള്ളിൽ ചർച്ചയായേക്കും. ബിനീഷ് മയക്കുമരുന്നിടപാടുമായി ബന്ധപ്പെട്ട് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ(ഇഡി) പിടിയിലായതോടെ വായ്പ കുടിശ്ശിക വരുത്തിയ ധനകാര്യ സ്ഥാപനങ്ങള്‍ ഒന്നിനുപുറകേ ഒന്നായി ജപ്തി നടപടികളുമായി നീങ്ങുകയാണ്.

https://www.facebook.com/JaihindNewsChannel/videos/358651588754562

Comments (0)
Add Comment