
ധാക്ക: ബംഗ്ലാദേശില്‍ ന്യൂനപക്ഷങ്ങള്‍ക്കെതിരായ അതിക്രമങ്ങള്‍ വീണ്ടും രൂക്ഷമാകുന്നു. പ്രമുഖ യുവ വ്യവസായിയും മാധ്യമപ്രവര്‍ത്തകനുമായ റാണാ പ്രതാപ് അക്രമികളുടെ വെടിയേറ്റു മരിച്ചു. ഇന്നലെ രാത്രിയാണ് ക്രൂരമായ കൊലപാതകം നടന്നത്. അക്രമി സംഘം റാണാ പ്രതാപിന്റെ തലയ്ക്ക് വെടിയുതിര്‍ക്കുകയായിരുന്നുവെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇതോടെ കഴിഞ്ഞ രണ്ടാഴ്ചയ്ക്കുള്ളില്‍ സമാനമായ സാഹചര്യത്തില്‍ കൊല്ലപ്പെട്ട ഹിന്ദുക്കളുടെ എണ്ണം അഞ്ചായി ഉയര്‍ന്നു.
രാജ്യത്തെ മണിറാംപൂര്‍, കാളിഗഞ്ച് ജില്ലകളിലാണ് ഏറ്റവും കൂടുതല്‍ അക്രമ സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. കഴിഞ്ഞ ദിവസങ്ങളില്‍ ഒരു ഹിന്ദു യുവതിയെ പീഡിപ്പിച്ച ശേഷം മരത്തില്‍ കെട്ടിയിട്ട നിലയില്‍ കണ്ടെത്തിയ സംഭവം വലിയ പ്രതിഷേധങ്ങള്‍ക്ക് ഇടയാക്കിയിരുന്നു. തുടര്‍ച്ചയായുണ്ടാകുന്ന ഇത്തരം അക്രമങ്ങള്‍ ബംഗ്ലാദേശിലെ ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കിടയില്‍ വലിയ ഭീതിയാണ് പടര്‍ത്തുന്നത്.
അതിക്രമങ്ങള്‍ വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ ഇന്ത്യ കടുത്ത പ്രതിഷേധം രേഖപ്പെടുത്തി. ബംഗ്ലാദേശിലെ ന്യൂനപക്ഷങ്ങളുടെ സുരക്ഷ ഉറപ്പാക്കണമെന്നും കുറ്റവാളികള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നും ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം ആവശ്യപ്പെട്ടു. അക്രമ സംഭവങ്ങളില്‍ നിഷ്പക്ഷമായ അന്വേഷണം വേണമെന്നും ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കാന്‍ ബംഗ്ലാദേശ് സര്‍ക്കാര്‍ തയ്യാറാകണമെന്നും ഇന്ത്യ ഔദ്യോഗികമായി അറിയിച്ചു.