സോണിയാ ഗാന്ധിയെ കാണാന്‍ ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ക് ഹസീന എത്തി; കെട്ടിപ്പിടിച്ച് സ്നേഹം പങ്കുവെച്ച് നേതാക്കള്‍

Jaihind Webdesk
Monday, June 10, 2024

 

ന്യൂഡല്‍ഹി:  മൂന്നാം മോദി സ‍ര്‍ക്കാരിന്‍റെ സത്യപ്രതിജ്ഞയിൽ പങ്കെടുക്കാനെത്തിയ ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ക് ഹസീന സോണിയ ഗാന്ധിയെയും രാഹുൽ ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയെയും സന്ദര്‍ശിച്ചു. മൂവരെയും ഷെയ്ഖ് ഹസീന നേരില്‍ കണ്ട് കെട്ടിപ്പിടിച്ച് സ്നേഹം പങ്കുവച്ചു.

ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നതിനുള്ള വിഷയങ്ങൾ കൂടിക്കാഴ്ചയിൽ സംസാരിച്ചതായാണ് ദേശീയ മാധ്യമങ്ങൾ റിപ്പോര്‍ട്ട് ചെയ്യുന്നത്. നാല് ദിവസത്തെ സന്ദര്‍ശനത്തിനാണ് ഷെയ്ഖ് ഹസീന ഇന്ത്യയിലെത്തിയത്.  ഷെയ്ഖ് ഹസീനയുടെ പിതാവ് ഷെയ്ഖ് മുജിബുര്‍ റഹ്മാനായിരുന്നു ബംഗ്ലാദേശിൻ്റെ സ്ഥാപക നേതാവ്.  അദ്ദേഹത്തിന് ഇന്ദിരാഗാന്ധിയുമായി  അടുത്ത ബന്ധമായിരുന്നു. ആ ബന്ധമാണ് ഷെയ്ഖ് ഹസീനയും സോണിയാ ഗാന്ധിക്കുമിടയില്‍ നിലനിൽക്കുന്നത്. ശനിയാഴ്ചയാണ് ഷെയ്ഖ് ഹസീന ഡല്‍ഹിയിലെത്തിയത്. മാലിദ്വീപ് പ്രസിഡന്‍റ് മുഹമ്മദ് മുയ്‌സു, നേപ്പാൽ പ്രധാനമന്ത്രി പ്രചണ്ഡ, ശ്രീലങ്കൻ പ്രസിഡന്‍റ് റെനിൽ വിക്രമസിംഗ എന്നിവരും ഇന്നലെ നടന്ന സത്യപ്രതിജ്ഞയിൽ പങ്കെടുത്തിരുന്നു.