ബംഗ്ലാദേശിൽ പൊതുതെരഞ്ഞെടുപ്പ് നാളെ

Jaihind Webdesk
Saturday, December 29, 2018

Bangladesh-Election

ബംഗ്ലാദേശിൽ പൊതുതെരഞ്ഞെടുപ്പ് നാളെ. വിവാദങ്ങൾക്കും സംഘർഷങ്ങൾക്കിടയിലും ഷെയ്ഖ് ഹസീന തന്നെ പ്രധാനമന്ത്രി സ്ഥാനത്തെത്തുമെന്നാണ് പുറത്തുവരുന്ന സർവേ ഫലങ്ങൾ.

ഭരണ കക്ഷിയായ ബംഗ്ലാദേശ് അവാമി ലീഗും, പ്രതിപക്ഷ പാർട്ടികളുടെ കൂട്ടായ്മയായ ജാതീയ ഐക്യമുന്നണിയും തമ്മിലാണ് പ്രധാന മത്സരം നടക്കുന്നത്. പ്രധാന പ്രതിപക്ഷ പാർട്ടിയായ ബംഗ്ലാദേശ് നാഷണലിസ്റ്റ് പാർട്ടിയാണ് മുന്നണിക്ക് നേതൃത്വം നൽകുന്നത്. ബി.എൻ.പി നേതൃത്വത്തിലുള്ള മുന്നണി സജീവമായി രംഗത്തുണ്ടെങ്കിലും പ്രചാരണത്തിൽ പ്രധാനമന്ത്രി ഷെയ്ക്ക് ഹസീനയുടെ അവാമി ലീഗിന് തന്നെയായിരുന്നു മുൻ തൂക്കം.

മൂന്നാം തവണയും ബംഗ്ലാദേശിന്റെ അധികാരം പിടിച്ചെടുക്കുക എന്ന ലക്ഷ്യത്തോടെയാണ് ഷെയ്ഖ് ഹസീനയും അവാമി ലീഗും തിരഞ്ഞെടുപ്പിനെ നേരിടുന്നത്.അതേസമയം പരസ്യ പ്രചാരണം വെള്ളിയാഴ്ച അവസാനിച്ചതു മുതൽ രാജ്യത്ത് സംഘർഷം തുടരുകയാണ്.ഇതിന്‍റെ ഭാഗമായി ഇന്‍റർനെറ്റ് സേവനങ്ങൾ മണിക്കൂറുകൾ തടസപ്പെടുകയും, പ്രതിപക്ഷ പ്രവർത്തകർ അറസ്റ്റ് ചെയ്യപ്പെടുകയും ചെയ്തു.

വടക്കുകിഴക്കൻ നഗരമായ സിൽഹട്ടിൽ ഭരണപാർട്ടിയായ അവാമി ലീഗ് പ്രവർത്തകരും പ്രതിപക്ഷമായ ബംഗ്ലാദേശ് നാഷണലിസ്റ്റ് പാർട്ടി പ്രവർത്തകരും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ ഒരു അവാമി ലീഗ് പ്രവർത്തകൻ കൊല്ലപ്പെടുകയും ചെയ്തിരുന്നു.