ബംഗ്ലാദേശ് തലസ്ഥാനമായ ധാക്കയില്‍ വ്യോമസേനയുടെ പരിശീലന വിമാനം തകര്‍ന്നുവീണു. അപകടത്തില്‍ 20 പേര് മരിച്ചതായും 171 പേര്‍ക്ക് പരിക്കേറ്റതായുമാണ് വിവരം. ധാക്കയിലെ മൈല്‍സ്റ്റോണ്‍ സ്കൂള്‍ ആന്‍ഡ് കോളേജ് കെട്ടിടത്തിലേക്കാണ് ചൈനീസ് നിര്‍മ്മിത എഫ്-7 ജെറ്റ് തകര്‍ന്നു വീണത്. ക്ലാസുകള്‍ നടന്നുകൊണ്ടിരിക്കെയാണ് അപകടം.
അപകടവാര്‍ത്ത ബംഗ്ലാദേശ് ആര്‍മി പബ്ലിക് റിലേഷന്‍ ഓഫീസ് സ്ഥിരീകരിച്ചിട്ടുണ്ട്. അപകടം നടക്കുമ്പോള്‍ വിദ്യാര്‍ഥികള്‍ സ്കൂളിലുണ്ടായിരുന്നു. അപകടകാരണം വ്യക്തമല്ല. സ്കൂള്‍ കെട്ടിടത്തില്‍ നിന്ന് പുക ഉയരുന്നതും അഗ്നിരക്ഷാ സേന രക്ഷാദൗത്യം നടത്തുന്നതുമായ വീഡിയോ ദൃശ്യങ്ങല്‍ പുറത്തുവന്നിട്ടുണ്ട്. ബംഗ്ലാദേശ് ആര്‍മി അംഗങ്ങളും ഫയര്‍ സര്‍വീസ്, സിവില്‍ ഡിഫന്‍സ് എന്നിവയുടെ എട്ട് എഞ്ചിനുകളും സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചതായി ഫയര്‍ സര്‍വീസ് അറിയിപ്പില്‍ പറയുന്നു.