ആലപ്പുഴ ബാറിലെ ‘ബണ്ടിച്ചോർ’; അന്വേഷിച്ച് കണ്ടെത്തി പോലീസ്, ബോർഡർ ഫോഴ്സിലെ ഉദ്യോഗസ്ഥനെന്ന് സ്ഥിരീകരണം

Jaihind Webdesk
Thursday, July 11, 2024

 

ആലപ്പുഴ: ബാറുകളിലും മറ്റ് ഹോട്ടലുകളിലും കറങ്ങിയത് ബണ്ടി ചോർ അല്ലെന്ന് സ്ഥിരീകരിച്ച് പോലീസ്. ബണ്ടി ചോറിന്‍റെ രൂപസാദൃശ്യമുള്ള മാവേലിക്കര ഇൻഡോ ടിബറ്റൻ ബോർഡർ ഫോഴ്സിലെ ഉദ്യോഗസ്ഥനെയാണ് ബണ്ടി ചോർ എന്ന പേരിൽ ജനങ്ങൾ തെറ്റിദ്ധരിച്ചത്. ഇത്തരത്തിൽ ദൃശ്യങ്ങളും വാർത്തകളും പുറത്തുവന്ന ഉടൻ തന്നെ പുന്നപ്ര പോലീസ് നടത്തിയ അന്വേഷണത്തിലാണ് ആളെക്കുറിച്ച് കൂടുതൽ വിവരങ്ങളും സിസിടിവി ദൃശ്യങ്ങളും ലഭിച്ചത്. ഇതിന്‍റെ അടിസ്ഥാനത്തിലാണ് ഇയാൾ മാവേലിക്കര ഇൻഡോ ടിബറ്റൻ ഫോഴ്സിലെ ഉദ്യോഗസ്ഥനാണ് എന്ന് സ്ഥിരീകരിച്ചത്.

ബണ്ടിച്ചോർ അവസാനമായി കോയമ്പത്തൂർ ജയിലിലായിരുന്നു എന്നാണ് പോലീസിന് ലഭിച്ച വിവരം. ഇയാൾ ജയിൽ മോചിതനായോ എന്നും പോലീസ് പരിശോധിച്ചു. വിവിധ സംസ്ഥാനങ്ങളിലായി നിരവധി മോഷണ കേസുകളിൽ പ്രതിയാണ് ഹൈടെക് കള്ളനെന്ന് അറിയപ്പെടുന്ന ബണ്ടിച്ചോർ. തിരുവനന്തപുരത്തെ മോഷണക്കേസിൽ കേരളത്തിലും ഇയാൾ ശിക്ഷ അനുഭവിച്ചിട്ടുണ്ട്.

അന്വേഷണം ഒടുവിൽ ചെന്ന് എത്തിയത് മറ്റു ചില സിസിടിവി ദൃശ്യങ്ങളിൽ ആണ്. ഈ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് ഇദ്ദേഹം മാവേലിക്കര ക്കാരനാണെന്നും പരിശോധന കഴിഞ്ഞ് ബണ്ടി ചോർ അല്ല എന്ന് സ്ഥിരീകരിച്ചതോടെ തൽക്കാലം അന്വേഷണം നിർത്തി. ബണ്ടി ചോറ് എത്തി എന്ന വാർത്ത മാധ്യമങ്ങളുടെ മറ്റും പുറത്തുവന്നതോടെ ഈ നാട്ടിലെ ജനങ്ങളും ഏറെ ഭീതിയിലായിരുന്നു. എന്നാൽ ബണ്ടി ചോർ ആലപ്പുഴയിൽ വന്നിട്ടില്ല എന്ന് സ്ഥിരീകരിച്ചതോടെ നാട്ടുകാർക്കും ആശ്വാസം.