ജെഎന്‍യുവില്‍ വിദ്യാര്‍ത്ഥി സമരങ്ങള്‍ക്ക് വിലക്ക്; ധര്‍ണ്ണ നടത്തിയാല്‍ 20000 രൂപ പിഴ

Thursday, March 2, 2023

ന്യൂഡല്‍ഹി: വിദ്യാര്‍ത്ഥി സമരങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തി ജവഹര്‍ലാല്‍ നെഹ്റു സര്‍വ്വകലാശാല ( ജെഎന്‍യു). പുറത്തിയ നിയന്ത്രണങ്ങള്‍ പ്രകാരം, വിദ്യാര്‍ത്ഥികള്‍ ധര്‍ണ നടത്തിയാല്‍ 20,000 രൂപ പിഴ ഈടാക്കുമെന്നും പ്രവേശനം റദ്ദാക്കുമെന്നും നിയമാവലിയില്‍ പറയുന്നു. സംഘം ചേര്‍ന്ന് പ്രവേശന കവാടം തടസപ്പെടുത്തുകയോ, തടങ്കലില്‍ വെക്കുകയോ, അക്രമസംഭവങ്ങളില്‍ പങ്കുണ്ടെന്ന് കണ്ടെത്തിയാലോ 30000 രൂപയാണ്  പിഴ ഈടാക്കുക. ഫെബ്രുവരി മൂന്നു മുതലാണ് നിയമങ്ങള്‍ പ്രാബല്യത്തില്‍ വരിക.

ബിബിസി ഡോക്യുമെന്‍ററി  പ്രദര്‍ശിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് നിരവധി പ്രതിഷേധങ്ങള്‍ക്ക് പിന്നാലെയാണ് സര്‍വ്വകലാശാല അധികൃതരുടെ പുതിയ നീക്കം എന്നത് ശ്രദ്ധേയമാണ്. എന്നാല്‍ ക്യാമ്പസിലെ പ്രതിഷേധങ്ങള്‍ അതിരുവിടുന്നതിനാലാണ് പുതിയ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയതെന്നാണ് അധികൃതരുടെ വിശദീകരണം. വഴി തടയല്‍, ഹോസ്റ്റല്‍ റൂമുകളില്‍ അനധികൃതമായി പ്രവേശിക്കല്‍, അസഭ്യം പറയല്‍, ആള്‍മാറാട്ടം നടത്തല്‍ തുടങ്ങി 17 ലേറെ കുറ്റങ്ങളാണ് ശിക്ഷാര്‍ഹമായി പുതിയ നിയമത്തിലുള്ളത്.  പരാതികളുടെ പകര്‍പ്പ് വിദ്യാര്‍ഥികളുടെ വീടുകളിലേക്കും അയയ്ക്കുമെന്നും പുറത്തിറക്കിയ നിയമാവലിയില്‍ പറയുന്നു.  പുതിയ നിയമങ്ങള്‍ക്ക് ജെഎന്‍യുവിന്റെ എക്സിക്യൂട്ടീവ് കൗണ്‍സില്‍ അംഗീകാരം നല്‍കിയെന്നാണ് റിപ്പോര്‍ട്ടുകള്‍