കേരള കോണ്‍ഗ്രസ് (ബി)യ്ക്കുള്ളില്‍ അമർഷം പുകയുന്നു ; ഇടതുമുന്നണി വിടാനൊരുങ്ങി പാർട്ടി ; മുന്നോക്കക്ഷേമ കോര്‍പ്പറേഷന്‍ സ്ഥാനം രാജിവെക്കണമെന്നും ആവശ്യം

 

തിരുവനന്തപുരം : കെ.ബി ഗണേഷ് കുമാർ എംഎല്‍എയുടെ സെക്രട്ടറിയുടെ അറസ്റ്റിന് പിന്നാലെ കേരളാ കോണ്‍ഗ്രസ് (ബി)യ്ക്കുള്ളില്‍ അമർഷം പുകയുന്നു. ഇടതുമുന്നണിയില്‍ തുടരേണ്ടതില്ലെന്നാണ് ഭൂരിഭാഗം ജില്ലാ കമ്മിറ്റികളുടെയും തീരുമാനം.  ഗണേഷ് കുമാറിന്‍റെ വീട്ടിലെ  പൊലീസ് റെയ്ഡ്  പാര്‍ട്ടിയെ സമൂഹമധ്യത്തില്‍ അപമാനിക്കാന്‍ വേണ്ടിയായിരുന്നെന്നും വിമർശനം.

പാർട്ടി ചെയര്‍മാന്‍ ആര്‍.ബാലകൃഷ്ണ പിള്ള മുന്നോക്കക്ഷേമ കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ സ്ഥാനം രാജിവെക്കണമെന്നും നേതാക്കള്‍ ആവശ്യപ്പെടുന്നു.  ഗണേഷ് കുമാറിന്റെ വീട്ടില്‍ പൊലീസ് റെയ്ഡ് നടത്തിയത് പാര്‍ട്ടിയെ സമൂഹമധ്യത്തില്‍ അപമാനിക്കാന്‍ വേണ്ടിയായിരുന്നു. ഈ സാഹചര്യത്തില്‍ ഇടതുമുന്നണിയില്‍ തുടരണോ എന്ന് ആലോചിക്കണമെന്ന്  ആലപ്പുഴ ജില്ലാ പ്രസിഡന്‍റ് ജോണി മുക്കം ആവശ്യപ്പെട്ടു. യുഡിഎഫില്‍ നിന്ന് രാജിവെച്ച് എല്‍ഡിഎഫിലെത്തിയിട്ടും വേണ്ടത്ര അംഗീകാരം പാര്‍ട്ടിക്ക് കിട്ടിയില്ലെന്നും അദ്ദേഹം പറഞ്ഞു.

പൊലീസിനെ ഉപയോഗിച്ച് കേരള കോൺഗ്രസ് (ബി)യെ തകർക്കാനുള്ള ശ്രമമാണ് ഇപ്പോൾ നടക്കുന്നതെന്നാണ് പാർട്ടിയുടെ പൊതു വികാരം. അവഹേളനം സഹിച്ച് ഇനിയും ഇടത് മുന്നണിയിൽ തുടരേണ്ടതില്ലെന്ന് അഭിപ്രായം ഭൂരിഭാഗം ജില്ലാ കമ്മിറ്റികളും കേരള കോൺഗ്രസ് (ബി) നേതൃത്വത്തെ അറിയിച്ചു കഴിഞ്ഞു.

യു.ഡി.എഫ് വിട്ട് വന്ന കേരള കോൺഗ്രസ് (ബി)ക്ക് ഇടത് മുന്നണി അർഹമായ പ്രതിനിധ്യം നൽകിയില്ലെന്ന വികാരമാണ് തുടക്കം മുതൽ പാർട്ടി നേതാക്കൾക്കും പ്രവർത്തകർക്കും ഉളളത്.ഇതിന് പിന്നാലെയാണ് ഗണേഷ് കുമാറിന്റെ വീട് വളഞ്ഞ് സെക്രട്ടറിയായ പ്രദീപ് കോട്ടാത്തലയെ അറസ്റ്റ് ചെയ്തത്.

Comments (0)
Add Comment