ബാലചന്ദ്രൻ ചുള്ളിക്കാടിന് മാന്യമായ പ്രതിഫലം നൽകും; വിവാദത്തില്‍ പ്രതികരണവുമായി കെ സച്ചിദാനന്ദൻ

Jaihind Webdesk
Saturday, February 3, 2024

തൃശൂര്‍: കവി ബാലചന്ദ്രൻ ചുള്ളിക്കാടിന് മാന്യമായ പ്രതിഫലം നൽകാൻ നടപടി സ്വീകരിച്ചതായി അക്കാദമി അധ്യക്ഷൻ കെ സച്ചിദാനന്ദൻ. സാഹിത്യ അക്കാദമി സംഘടിപ്പിച്ച അന്താരാഷ്ട്ര സാഹിത്യോത്സവത്തിൽ പ്രഭാഷണം നടത്തിയ ബാലചന്ദ്രൻ ചുള്ളിക്കാടിന് നല്‍കിയ പ്രതിഫലത്തിലായിരുന്നു വിവാദം ഉയർന്നത്. അഡ്മിനിസ്ട്രേഷന്‍റെ ഭാഗത്ത് നിന്ന് സംഭവിച്ച പ്രശ്നമാണെന്നും ബാലചന്ദ്രനുണ്ടായ വിഷമത്തിൽ തങ്ങൾക്ക് സങ്കടമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

പരിമിതമായ ഫണ്ട് കൊണ്ട് നടത്തുന്ന ഉത്സവമാണ്. ക്ലറിക്കൽ രീതിയിൽ കൈകാര്യം ചെയുമെന്ന് അറിയില്ലായിരുന്നു. കിലോമീറ്റര്‍ കണക്കാക്കിയാണ് ബാലചന്ദ്രൻ ചുള്ളിക്കാടിന് പണം നൽകിയത്. നേരത്തെ ഈ പ്രശ്നം തന്‍റെ ശ്രദ്ധയിൽ പെട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

എറണാകുളത്തുനിന്ന് തൃശൂർവരെ വാസ് ട്രാവൽസിന്റെ ടാക്സിക്ക് വെയ്റ്റിംഗ് ചാർജ്ജും ഡ്രൈവറുടെ ബാറ്റയുമടക്കം 3500 രൂപയാണ് ചെലവായതെന്നും എന്നാല്‍ തനിക്ക് വെറും 2400 രൂപയാണ് തന്നതെന്നും അദ്ദേഹം വിമർശിച്ചിരുന്നു. 1100 രൂപ നൽകിയത് സീരിയലിൽ അഭിനയിച്ചു ഞാൻ നേടിയ പണത്തിൽനിന്നാണ്. സാഹിത്യ അക്കാദമിയിൽ അംഗമാകാനോ, മന്ത്രിമാരിൽ നിന്ന് കുനിഞ്ഞുനിന്ന് അവാർഡും വിശിഷ്ടാംഗത്വവും സ്വീകരിക്കാനോ ഇന്നോളം ഞാൻ വന്നിട്ടില്ല. ഒരിക്കലും വരികയുമില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു.