‘കേസ് തോറ്റുപോകും, വേണമെങ്കില്‍ സഹായിക്കാം’; സരിത വിളിച്ചെന്ന വെളിപ്പെടുത്തലുമായി ബാലഭാസ്കറിന്‍റെ പിതാവ്

Jaihind Webdesk
Friday, June 24, 2022

തിരുവനന്തപുരം: സോളാർ കേസ് പ്രതി സരിതാ എസ് നായർക്കെതിരെ സം​ഗീതജ്ഞൻ ബാലഭാസ്കറിന്‍റെ അച്ഛന്‍റെ ഗുരുതര ആരോപണം. അപകടമരണത്തില്‍ അച്ഛന്‍ ഉണ്ണി സമര്‍പ്പിച്ച ഹര്‍ജിയില്‍ വിധി വരാനിരിക്കെ ഹര്‍ജി തള്ളുമെന്ന് സോളാർ കേസ് പ്രതി സരിത എസ് നായര്‍ തന്നെ വിളിച്ചുപറഞ്ഞുവെന്നാണ് ആരോപണം. മേൽക്കോടതിയിൽ പോകാൻ സഹായം നൽകാമെന്നും സരിതാ എസ് നായർ പറഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു.

2018 സെപ്റ്റംബർ 25 ന് തൃശൂരിൽ നിന്ന് തിരുവനന്തപുരത്തേക്കുള്ള യാത്രക്കിടെയാണ് സംഗീതജ്ഞൻ ബാലഭാസ്കർ അപകടത്തിൽ മരണപ്പെടുന്നത്. അപകടത്തിൽ ദുരൂഹതയില്ലെന്നാണ് സിബിഐ അന്വേഷണ റിപ്പോർട്ട്. ഇതിനെതിരെയാണ് ബാലഭാസ്കറിന്‍റെ അച്ഛൻ ഉണ്ണി ഹർജി നൽകിയത്. ഹർജിയിൽ ഈ മാസം 30 ന് വിധി വരാനിരിക്കെയാണ് പുതിയ വിവാദം. ഹർജി തള്ളുമെന്ന് സോളാർ കേസ് പ്രതി സരിത എസ് നായർ തന്നെ വിളിച്ചു പറഞ്ഞുവെന്ന് ബാലഭാസ്കറിന്‍റെ അച്ഛൻ ഉണ്ണി ആരോപിക്കുന്നു. മേൽക്കോടതിയിൽ പോകാൻ സഹായം നൽകാമെന്നും സരിത പറഞ്ഞു. മുൻപരിചയമില്ലാത്ത സാഹചര്യത്തിൽ തന്നെ സരിത എന്തിനാണ് വിളിച്ചതെന്ന് അറിയില്ലെന്നും അദ്ദേഹം പറഞ്ഞു.

ഈ മാസം 30 ന് പറയാനിരിക്കുന്ന വിധി പ്രതികൂലമാകുമെന്നാണ് അവര്‍ പറഞ്ഞതെന്ന് ബാലഭാസ്‌കറിന്‍റെ പിതാവ് പറഞ്ഞു.  കേസ് എങ്ങനെ തോല്‍ക്കുമെന്ന് ചോദിച്ചപ്പോള്‍ അതൊക്കെ തനിക്ക് അറിയാമെന്നായിരുന്നു അവരുടെ മറുപടി. മുമ്പ് വിളിച്ചിട്ട്, വക്കീലിന്‍റെ പേരും നമ്പറും തുടങ്ങിയ വിശദാംശങ്ങള്‍ നല്‍കാന്‍ ആവശ്യപ്പെട്ടിരുന്നതായും ഉണ്ണി പറഞ്ഞു. കേസില്‍ സഹായിക്കാമെന്ന രീതിയിലാണ് സംസാരിച്ചത്. എങ്ങനെ സഹായിക്കുമെന്ന് തനിക്കറിഞ്ഞുകൂട. ജഡ്ജി എഴുതി വെച്ചിരിക്കുന്ന വിധി ഇവര്‍ക്ക് എങ്ങനെ അറിയാമെന്നാണ് തനിക്ക് സംശയമെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം ബാലഭാസ്കറിന്‍റെ അച്ഛനെ വിളിച്ചുവെന്ന് സരിതയും സ്ഥിരികരിച്ചു. കേസിന്‍റെ കാര്യങ്ങൾ സംസാരിക്കാനാണ് വിളിച്ചതെന്നാണ് സരിതയുടെ വാദം. ബാലഭാസ്കറിന്‍റെ അപകട മരണം ലോക്കൽ പോലീസ് അന്വേഷിക്കുന്നതിനിടെയാണ് ബാലഭാസ്കറിന്‍റെ സുഹൃത്തുക്കളും സഹപ്രവർത്തകരുമായിരുന്ന വിഷ്ണു സോമസുന്ദരത്തെയും പ്രകാശൻ തമ്പിയെയും സ്വർണ്ണക്കടത്ത് കേസിൽ പിടി കൂടിയത്. ഇതോടെ അപകടത്തിന് പിന്നിലെ ദുരൂഹത വർധിക്കുകയും കേസ് ക്രൈം ബ്രാഞ്ച് ഏറ്റെടുക്കുകയും ചെയ്തു. എന്നാൽ ദുരൂഹതയില്ലെന്നായിരുന്നു ക്രൈം ബ്രാഞ്ചിന്‍റെയും കണ്ടെത്തൽ. ക്രൈം ബ്രാഞ്ച് അന്വേഷണം അവസാനിപ്പിച്ചതോടെയാണ് സിബിഐ കേസ് ഏറ്റെടുത്തത്. സരിതയുടെ ഇടപെടലോടെ കേസിൽ സംശയം വീണ്ടും ബലപ്പെടുകയാണ്. 30 ന് ഹർജിയിൽ വിധി വന്നശേഷം തുടർ നടപടി സ്വീകരിക്കാനാണ് ബന്ധുക്കളുടെ നിലപാട്.