ബാലഭാസ്‌കറിന്‍റെ മരണത്തില്‍ തുടരന്വേഷണം ഇല്ല; ഹർജി കോടതി തള്ളി

Jaihind Webdesk
Friday, July 29, 2022

തിരുവനന്തപുരം: വയലിനിസ്റ്റ് ബാലഭാസ്കറിന്‍റെ മരണം പുനരന്വേഷിക്കണമെന്നാവശ്യപ്പെട്ട് കുടുംബം നൽകിയ ഹർജി തിരുവനന്തപുരം സിജെഎം കോടതി തള്ളി. സിബിഐ സമർപ്പിച്ച കുറ്റപത്രം കോടതി അംഗീകരിച്ചു. ബാലഭാസ്കറിന്‍റേത് അപകടമരണമാണെന്നാണ് സിബിഐ കണ്ടെത്തൽ കോടതി ശരിവെച്ചു.

കേസിലെ ഏക പ്രതിയായ ഡ്രൈവർ അർജുനോട് ഒക്ടോബർ ഒന്നിന് ഹാജരാകാൻ കോടതി നിർദേശിച്ചു. സിബിഐ അന്വേഷണം തൃപ്തികരമല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കുടുംബം ഹർജി നൽകിയത്. ഹൈക്കോടതിയിൽ അപ്പീൽ നൽകുമെന്ന് കുടുംബം അറിയിച്ചു. അപകടം ഉണ്ടാക്കിയത് സ്വർണ്ണക്കടത്ത് സംഘമാണെന്നാണ് വിശ്വസിക്കുന്നതെന്ന് ബാലഭാസ്കറിന്‍റെ പിതാവ് കെ.സി ഉണ്ണി പറഞ്ഞു.

‘അന്വേഷണം അട്ടിമറിക്കാൻ തുടക്കം മുതൽ ശ്രമം നടന്നു. സിബിഐ ബാലഭാസ്കറിന്‍റെ ഫോണോ പണമിടപാടുകളും കാര്യമായി പരിശോധിച്ചില്ല. വിഷ്ണു എന്നയാൾ 50 ലക്ഷം രൂപ ബാലഭാസ്കറിൽനിന്ന് കടം വാങ്ങിയതായി സിബിഐ ഡിവൈഎസ്പി പറഞ്ഞിരുന്നു. ഡിആർഐ ബാലഭാസ്കറിന്‍റെ ഫോൺ പിടിച്ചെടുത്ത സമയത്ത് എല്ലാ രേഖകളും മായ്ച്ചിരുന്നു’ – കെ.സി ഉണ്ണി പറഞ്ഞു.

ദേശീയപാതയിൽ പള്ളിപ്പുറം സിആർപിഎഫ് ക്യാമ്പ് ജംക്‌ഷന് സമീപം 2018 സെപ്റ്റംബർ 25 ന് രാവിലെയാണ് ബാലഭാസ്കറിന്‍റെ കാർ അപകടത്തിൽപ്പെട്ടത്. വിമാനത്താവളത്തിലെ സ്വർണ്ണക്കടത്ത് കേസിൽ ബാലഭാസ്കറിന്‍റെ സുഹൃത്തുക്കൾ പ്രതിയായതോടെയാണ് അപകടത്തെക്കുറിച്ച് ബന്ധുക്കൾക്ക് സംശയം പ്രകടിപ്പിച്ചത്. ബാലഭാസ്കറിന്‍റെ ഡ്രൈവറായിരുന്ന അർജുന്‍റെ മുൻ ക്രിമിനൽ പശ്ചാത്തലം സംശയങ്ങൾക്ക് ആക്കം കൂട്ടി. ആറ്റിങ്ങൽ ഡിവൈഎസ്പി അന്വേഷിച്ച കേസ് പിന്നീട് കുടുംബത്തിന്‍റെ ആവശ്യപ്രകാരം ക്രൈം ബ്രാഞ്ചിനും തുടർന്ന് സിബിഐക്കും വിടുകയായിരുന്നു.

അപകടത്തിന്‍റെ നാൾ വഴികൾ:

∙  2018 സെപ്റ്റംബർ 25ന് പുലർച്ചെ ദേശീയപാതയിൽ പള്ളിപ്പുറം സിആർപിഎഫ് ക്യാമ്പ് ജംക്‌ഷന് സമീപം ബാലഭാസ്കറിന്‍റെ കാർ അപകടത്തിൽപ്പെടുന്നു. മകളുടെ പേരിലുള്ള വഴിപാടുകൾക്കായി 23ന് തൃശൂർക്കു പോയ കുടുംബം ക്ഷേത്രദർശനം കഴിഞ്ഞ് 24ന് രാത്രിയോടെ തിരുമലയിലെ വീട്ടിലേക്കു മടങ്ങും വഴിയാണ് അപകടമുണ്ടായത്. മകളായ തേജസ്വിനിയെ പൊലീസ് വാഹനത്തിൽ ഉടൻ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. ഭാര്യയ്ക്ക് ഗുരുതരമായ പരുക്കേറ്റു. ചികിത്സയിലിരിക്കെ ബാലഭാസ്കറും ഒക്ടോബർ 2 നാണ് മരണത്തിന് കീഴടങ്ങി.

∙ ആദ്യം മംഗലപുരം പോലീസ് കേസ് അന്വേഷിച്ചു. പിന്നീട് അന്വേഷണം ആറ്റിങ്ങൽ ഡിവൈഎസ്പിക്ക് കൈമാറി. അപകടത്തിൽ ദുരൂഹതയില്ലെന്ന് പോലീസ് റിപ്പോർട്ട്.

∙ 2019 മേയ് 13ന് 25 കിലോ സ്വര്‍ണ്ണവുമായി തിരുമല സ്വദേശി കെഎസ്ആര്‍ടിസി കണ്ടക്ട‍ര്‍ സുനില്‍കുമാര്‍ (45), കഴക്കൂട്ടം സ്വദേശി സെറീന (42) എന്നിവരെ ഡിആര്‍ഐ അറസ്റ്റ് ചെയ്തു. ബാലഭാസ്കറിന്‍റെ സുഹൃത്തുക്കളായ പ്രകാശ് തമ്പിയും വിഷ്ണുവും കേസിൽ പ്രതികളായി.

∙ വയലിനിസ്റ്റ് ബാലഭാസ്കറിന്‍റെ അപകട മരണത്തില്‍ സ്വര്‍ണക്കടത്തുകേസിലെ പ്രതികളായ വിഷ്ണുവിനും പ്രകാശ് തമ്പിക്കും ബന്ധമുണ്ടെന്നു വിശ്വസിക്കുന്നതായി പിതാവ് കെ.സി ഉണ്ണി. ഡിജിപി ക്രൈം ബ്രാഞ്ച് അന്വേഷണത്തിന് ഉത്തരവിട്ടു.

∙ അപകടസ്ഥലത്ത് ദുരൂഹ സാഹചര്യത്തിൽ ചിലരെ കണ്ടതായി കലാഭവൻ സോബി. ആരോപണത്തിൽ കഴമ്പില്ലെന്ന് ക്രൈം ബ്രാഞ്ച്.

∙ വാഹനമോടിച്ചത് ഡ്രൈവർ അർജുനാണെന്ന് ഫോറന്‍സിക് പരിശോധനയിലൂടെ ക്രൈം ബ്രാഞ്ച് കണ്ടെത്തി. അപകടത്തിനിടയാക്കിയത് അമിതവേഗമെന്നും ക്രൈം ബ്രാഞ്ച്.

∙ സോബിയെ ചോദ്യം ചെയ്ത ഡിആർഐ, ബാലഭാസ്കർ സഞ്ചരിച്ചിരുന്ന കാർ അപകടത്തിൽപ്പെടുമ്പോൾ സംഭവ സ്ഥലത്തുണ്ടായിരുന്നവരിൽ ചിലർ സ്വർണ്ണക്കടത്തുമായി ബന്ധമുള്ളവരാണെന്ന് സ്ഥിരീകരിക്കുന്നു.

∙ ക്രൈംബ്രാഞ്ച് അന്വേഷണത്തിൽ തൃപ്തിയില്ലെന്നും സിബിഐ അന്വേഷണം വേണമെന്നുമുള്ള കുടുംബത്തിന്റെ ആവശ്യപ്രകാരം കേസ് 2019 ഡിസംബറിൽ സർക്കാർ സിബിഐയ്ക്ക് വിടുന്നു. 2020 ജൂലൈ 29 ന് കേസ് സിബിഐ ഏറ്റെടുത്തു. അപകടമരണമാണെന്ന് സിബിഐയും പറയുന്നു.