ബാലഭാസ്കർ മരിക്കാനിടയായ അപകടം നടന്നിട്ട് ഒരു വർഷം; സിബിഐക്ക് കൈമാറണമെന്നുള്ള ആവശ്യം അംഗീകരിക്കാതെ സർക്കാർ

Jaihind News Bureau
Wednesday, September 25, 2019

ഗായകന്‍ ബാലഭാസ്കർ മരിക്കാനിടയായ അപകടം നടന്നിട്ട് ഒരു വർഷം പിന്നിടുമ്പോഴും മരണത്തിൽ ദുരൂഹതയുണ്ടെന്നും അന്വേഷണം സിബിഐക്ക് കൈമാറണമെന്നുമുള്ള കുടുംബത്തിന്‍റെ ആവശ്യം അംഗീകരിക്കാന്‍ സർക്കാർ തയ്യാറായിട്ടില്ല.

പുലർച്ചെ ക്ഷേത്ര ദർശനം കഴിഞ്ഞ് മടങ്ങവേ ബാലഭാസ്കർ സഞ്ചരിച്ച കാർ കോരാണിയിൽ ദേശീയപാതക്ക് സമീപമുള്ള മരത്തില്‍ നിയന്ത്രണം തെറ്റി ഇടിച്ച് അപകടം ഉണ്ടായത് . രണ്ടര വയസ്സുകാരിയായ ബാലഭാസ്കറിന്‍റെ മകൾ തേജസ്വിനി അപകട സ്ഥലത്ത് വച്ച് തന്നെ മരിച്ചിരുന്നു. ഗുരുതരമായി പരിക്കേറ്റ ബാലഭാസ്കറിന്‍റെ ഭാര്യ ലക്ഷ്മി മരണത്തിൽ നിന്നും കഷ്ടിച്ചാണ് രക്ഷപ്പെട്ടത്. അപകടസമയത്ത് വാഹനമോടിച്ചത് ആരെന്ന സംശയമാണ് അപകടത്തിലെ ദുരൂഹത ഉയർത്തിത്.

ബാലഭാസ്കറിന്‍റെ മരണത്തിലെ അന്വേഷണം സിബിഐക്ക് കൈമാറണമെന്നാവശ്യപ്പെട്ട് ബാല ഭാസ്കറിന്‍റെ പിതാവ് ഉണ്ണി മുഖ്യമന്ത്രിക്ക് കത്ത് നൽകിയിരുന്നു. ക്രൈംബ്രാഞ്ച് അന്വേഷണത്തിൽ തൃപ്തരല്ലെന്ന് ബാല ഭാസ്കറിന്‍റെ കുടുംബം നേരത്തെ മുഖ്യമന്ത്രിയെ അറിയിച്ചിരുന്നു. എന്നാൽ ഇതുവരെയും ബാലഭാസ്കറിന്‍റെ മരണത്തിൽ പ്രതികളെ പിടികൂടാനോ അന്വേഷണം സിബിഐക്ക് കൈമാറാനോ സർക്കാർ യാതൊരുവിധ നടപടിയും സ്വീകരിച്ചിട്ടില്ല