ഡല്‍ഹി: മദ്യനയവുമായി ബന്ധപ്പെട്ട് സി.ബി.ഐ. രജിസ്റ്റര്‍ ചെയ്ത കേസില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് ജാമ്യം. സുപ്രീം കോടതിയാണ് ജാമ്യം അനുവദിച്ചത്. ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ചാണ് അഞ്ചുമാസമായി ജയിലില്‍ കഴിയുന്ന കെജ്രിവാളിന്റെ അപേക്ഷയില്‍ വിധി പറഞ്ഞത്.
മദ്യനയ അഴിമതിയുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ജൂണ്‍ 26നാണ് സിബിഐ കേജ്രിവാളിനെ അറസ്റ്റ് ചെയ്തത്. കേജ്രിവാളിന് ഇടക്കാല ജാമ്യം നല്‍കാന്‍ ഓഗസ്റ്റ് 14ന് സുപ്രീംകോടതി വിസമ്മതിച്ചിരുന്നു. സിബിഐയില്‍നിന്ന് വിശദീകരണവും കോടതി ചോദിച്ചിരുന്നു.
ജാമ്യത്തിനായി ആദ്യം വിചാരണക്കോടതിയെ സമീപിക്കാത്ത കെജ്രിവാളിന്റെ നടപടിയെ സി.ബി.ഐ. എതിര്‍ത്തിരുന്നു. അതേസമയം, വീണ്ടും വിചാരണക്കോടതിയിലേക്കു വിട്ടാല്‍ അത് പാമ്പും കോണിയും കളി പോലെയാകുമെന്ന് കെജ്രിവാള്‍ വാദിച്ചു. മദ്യനയവുമായി ബന്ധപ്പെട്ട് ഇ.ഡി. രജിസ്റ്റര്‍ ചെയ്ത കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ കെജ്രിവാളിന് സുപ്രീംകോടതി ജാമ്യം അനുവദിച്ചിരുന്നു. എന്നാല്‍, സി.ബി.ഐ. കേസില്‍ ജാമ്യം ലഭിക്കാത്തതിനെത്തുടര്‍ന്നാണ് തിഹാര്‍ ജയിലില്‍ കഴിയുന്നത്.