ലഖിംപുർ ഖേരി കൊലപാതകം : ആശിഷ് മിശ്രയുടെ ജാമ്യം സുപ്രീം കോടതി റദ്ദാക്കി

Jaihind Webdesk
Monday, April 18, 2022


ന്യൂ‍ഡൽഹി : ലഖിംപുർ ഖേരിയിൽ കർഷകരെ കാർ കയറ്റി കൊലപ്പെടുത്തിയ കേസിൽ കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് മിശ്രയുടെ മകൻ ആശിഷ് മിശ്രയുടെ ജാമ്യം സുപ്രീം കോടതി റദ്ദാക്കി. ജാമ്യം അനുവദിച്ച അലഹബാദ് ഹൈക്കോടതിയുടെ ലക്നൗ ബെഞ്ച് വിധിയാണ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് റദ്ദാക്കിയത്. ഒരാഴ്ചയ്ക്കകം കീഴടങ്ങണമെന്ന് ആശിഷ് മിശ്രയോട് കോടതി നിർദേശിച്ചു. അലഹബാദ് ഹൈക്കോടതി നടപടിക്രമങ്ങൾ പാലിച്ചില്ലെന്ന് കോടതി നിരീക്ഷിച്ചു. ഇരകൾക്ക് വാദിക്കാനുള്ള അവകാശം നിഷേധിക്കപ്പെട്ടുവെന്നും കോടതി വിലയിരുത്തി.

2020 ഒക്ടോബർ മൂന്നിനായിരുന്നു 4 കർഷകരും ഒരു പ്രാദേശിക മാധ്യമപ്രവർത്തകനും 3 ബിജെപി പ്രവർത്തകരും കൊല്ലപ്പെട്ട ലഖിംപുർ ഖേരി സംഭവമുണ്ടായത്. ടികുനിയ പൊലീസാണ് കേസെടുത്തത്. കേശവ്പ്രസാദ് മൗര്യയെ തടയാൻ നിന്ന കർഷകർ മന്ത്രി എത്തുന്നില്ലെന്നറിഞ്ഞു തിരിച്ചു പോകവേ ആശിഷ് മിശ്രയുടെ നേതൃത്വത്തിൽ 3 വാഹനങ്ങൾ കർഷകരുടെ മേൽ ഓടിച്ചുകയറ്റിയെന്നാണ് കേസ്.