മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ചതിന് കള്ളക്കേസെടുത്ത പോലീസിന് തിരിച്ചടി: സ്റ്റേഷന്‍ ഉപരോധിച്ച് കോണ്‍ഗ്രസ്; യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകർക്ക് ജാമ്യം

Jaihind Webdesk
Tuesday, January 2, 2024

 

കൊച്ചി: മുഖ്യമന്ത്രിയുടെ വാഹനത്തിന് നേരെ കരിങ്കൊടി കാട്ടിയ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ കള്ളക്കേസിൽ കുടുക്കിയ പോലീസിന് തിരിച്ചടി. കേസിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് എറണാകുളം മജിസ്ട്രേറ്റ് കോടതി ജാമ്യം നൽകി. പോലീസിന്‍റെ നടപടിയിൽ പ്രതിഷേധിച്ച് നേതാക്കള്‍ രാത്രി ഏറെ വൈകിയും പാലാരിവട്ടം പോലീസ് സ്റ്റേഷൻ നേതാക്കൾ ഉപരോധിച്ചു. കോണ്‍ഗ്രസ് നേതാക്കളും പ്രവര്‍ത്തകരും ഏഴ് മണിക്കൂര്‍ പോലീസ് സ്റ്റേഷന്‍ ഉപരോധിച്ചു.

അറസ്റ്റിലായ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് മജിസ്‌ട്രേറ്റ് ജാമ്യം നല്‍കിയതോടെയാണ് ചൊവ്വാഴ്ച പുലര്‍ച്ചെ 2.10 ഓടെ ഉപരോധം അവസാനിപ്പിച്ചത്. പ്രവർത്തകർക്ക് ജാമ്യം ലഭിച്ചതിനുപിന്നാലെ പോലീസ് സ്റ്റേഷന് മുമ്പിൽ നേതാക്കളും പ്രവർത്തകരും ആഹ്ളാദ പ്രകടനവും മധുരവിതരണവും നടത്തി. ജാമ്യം നല്‍കിയ പ്രവര്‍ത്തകരെ സിപിഎം പ്രാദേശിക നേതൃത്വത്തിന്‍റെ സമ്മര്‍ദത്തിനു വഴങ്ങി വീണ്ടും അറസ്റ്റ് ചെയ്യുകയായിരുന്നു നേതാക്കള്‍ പറഞ്ഞു. പാലാരിവട്ടം സംഭവം പിണറായിയുടെ പോലീസിനേറ്റ കനത്ത പ്രഹരമെന്ന് കോൺഗ്രസ് നേതൃത്വം പ്രതികരിച്ചു.

നവകേരള സദസിനെത്തിയ മുഖ്യമന്ത്രിയേയും മന്ത്രിമാരെയും എറണാകുളം പാലാരിവട്ടത്ത് വെച്ചാണ് യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകർ കരിങ്കൊടി കാട്ടിയത്. പോലീസ് കസ്റ്റഡിയിലെടുത്ത് വിട്ടയച്ചതിന് പിന്നാലെ ഉന്നത ഇടപെടൽ മൂലം ഇവരെ വീണ്ടും സ്റ്റേഷനിൽ വിളിച്ചു വരുത്തി ജാമ്യമില്ലാ വകുപ്പ് ചുമത്തുകയായിരുന്നു. ഇതിനെതിരെ എറണാകുളം ഡിസിസിയുടെ നേതൃത്വത്തില്‍ നേതാക്കള്‍ ശക്തമായ പ്രതിഷേധമുയർത്തി. രാത്രി ഏറെ വൈകിയും പാലാരിവട്ടം പോലീസ് സ്റ്റേഷന്‍ കോണ്‍ഗ്രസ് ഉപരോധിച്ചു. ഹൈബി ഈഡൻ എംപി, ഡിസിസി പ്രസിഡന്‍റ് മുഹമ്മദ് ഷിയാസ് എംഎല്‍എമാരായ ടി.ജെ. വിനോട്, അന്‍വർ സാദത്ത്, ഉമാ തോമസ് തുടങ്ങിയവർ സമരത്തിന് നേതൃത്വം നൽകി.