അന്തരിച്ച മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കെതിരെ മോശം പരാമർശം; നടന്‍ വിനായകനെതിരെ ഡിജിപിക്ക് പരാതി നല്‍കി യൂത്ത് കോണ്‍ഗ്രസ് | VIDEO

Jaihind Webdesk
Thursday, July 20, 2023

 

തിരുവനന്തപുരം: അന്തരിച്ച മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കെതിരെ സമൂഹമാധ്യമത്തിലൂടെ മോശം പരാമർശം നടത്തിയ നടന്‍ വിനായകനെതിരെ പോലീസില്‍ പരാതി നല്‍കി യൂത്ത് കോണ്‍ഗ്രസ്. ഉമ്മന്‍ ചാണ്ടിയുടെ മരണത്തില്‍ സംസ്ഥാനം ദുഃഖാചരണം നടത്തുന്നതിനിടെയാണ് ഇതിനെതിരെ വിനായകന്‍ ഫേസ്ബുക്ക് ലൈവിലെത്തി മോശം പരാമർശങ്ങള്‍ നടത്തിയത്. “ആരാണ് ഉമ്മന്‍ ചാണ്ടി” എന്നു ചോദിച്ചുകൊണ്ടു തുടങ്ങുന്ന വീഡിയോയില്‍ തുടർന്ന് വളരെ മോശമായ രീതിയിലുള്ള പ്രയോഗങ്ങളാണ് ഉള്ളത്. മൂന്നുദിവസവും ഈ വാർത്തയ്ക്ക് പിന്നാലെ പോകുന്ന മാധ്യമങ്ങള്‍ക്കെതിരെയും വീഡിയോയില്‍ പറയുന്നു.

വിനായകന്‍റെ മോശം പ്രതികരണത്തിനെതിരെ ശക്തമായ പ്രതിഷേധം ഉയർന്നതിന് പിന്നാലെ വീഡിയോ ഡിലീറ്റ് ചെയ്തു. ജനഹൃദയങ്ങളില്‍ ഇടംനേടിയ ജനകീയനായ മുന്‍ മുഖ്യമന്ത്രിയുടെ വിയോഗത്തില്‍ ദുഃഖാർത്തരായ ലക്ഷക്കണക്കിന് പ്രവര്‍ത്തകരുടെയും പൊതുസമൂഹത്തിന്‍റെയും വികാരത്തെ വ്രണപ്പെടുത്തിയ നടപടിക്കെതിരെ യൂത്ത് കോണ്‍ഗ്രസ്, സംസ്ഥാന പോലീസ് മേധാവിക്ക് പരാതി നല്‍കി. യൂത്ത് കോൺഗ്രസ് സോഷ്യൽ മീഡിയ സംസ്ഥാന ചെയർമാൻ രജിത്ത് രവീന്ദ്രനാണ് ഡിജിപിക്ക് പരാതി നല്‍കിയത്. വീഡിയോ തെളിവായി സ്വീകരിച്ച് നടപടി കൈക്കൊള്ളണമെന്ന് പരാതിയില്‍ ആവശ്യപ്പെട്ടു.