സ്വഭാവ ദൂഷ്യം; ഇൻസ്പെക്ടർ പി ആർ സുനുവിനെ സർവീസിൽ നിന്ന് നീക്കം ചെയ്തു

Jaihind Webdesk
Monday, January 9, 2023

തിരുവനന്തപുരം: ഇൻസ്പെക്ടർ പി ആർ സുനുവിനെ സർവീസിൽ നിന്ന് നീക്കം ചെയ്തു. ബേപ്പൂർ കോസ്റ്റൽ പോലീസ് ഇൻസ്പെക്ടറാണ് പിആർ സുനു. സംസ്ഥാന പോലീസ് മേധാവി അനിൽകാന്താണ് ഉത്തരവിറക്കിയത്. സ്വഭാവ ദൂഷ്യത്തിന്‍റെ പേരിലാണ് നടപടി.

കേരള പോലീസ് ആക്ട് സെക്ഷൻ 86 പ്രകാരമാണ് ഇൻസ്പെക്ടർ സുനുവിനെതിരെ സംസ്ഥാന പോലീസ് മേധാവി നടപടി എടുത്തത്. സ്ഥിരമായി ഗുരുതരമായ കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നവരെ സർവീസിൽ തുടരാൻ അയോഗ്യരാക്കുന്നതാണ് ഈ വകുപ്പ്.

കേരള പോലീസിന്‍റെ ചരിത്രത്തിൽ ആദ്യമായാണ് ഈ വകുപ്പ് അനുസരിച്ച് ഒരു പോലീസ് ഉദ്യോഗസ്ഥനെ സർവീസിൽ നിന്നു നീക്കം ചെയ്യുന്നത്.

കോഴിക്കോട് കോസ്റ്റൽ പൊലീസ് സ്റ്റേഷൻ സർക്കിൾ ഇൻസ്പെക്ടർ പി.ആർ സുനുവി തൃക്കാക്കര കൂട്ട ബലാത്സംഗ കേസിൽ പ്രതിയാണ്. മുളവുകാട് സ്റ്റേഷൻ ഇൻസ്പെക്ടർ ആയിരിക്കെ 2021 ഫെബ്രുവരിയിലാണ് ബിടെക് ബിരുദദാരിയായ യുവതിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച കേസിൽ സുനു പിടിയിലാകുന്നത്. സ്റ്റേഷനിൽ പരാതി നൽകാനെത്തിയ യുവതിയുമായി അടുപ്പം സ്ഥാപിച്ച് വിവിധ സ്ഥലങ്ങളിൽ കൊണ്ടുപോയി പീഡിപ്പിച്ചെന്നായിരുന്നു പരാതി.