ഉത്തർപ്രദേശിലെ തിരിച്ചടി; യോഗി ആദിത്യനാഥിനെ ഡല്‍ഹിക്ക് വിളിപ്പിച്ച് ബിജെപി നേതൃത്വം

Jaihind Webdesk
Thursday, June 6, 2024

 

ന്യൂഡൽഹി: ലോക്സഭാ തിരഞ്ഞെടുപ്പില്‍ ഉത്തർപ്രദേശില്‍ നേരിട്ട തിരിച്ചടിക്ക് പിന്നാലെ മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ ഡൽഹിയിലേക്ക് വിളിപ്പിച്ച് ബിജെപി നേതൃത്വം. വൈകിട്ടോടെ യോഗി ആദിത്യനാഥ് ഡല്‍ഹിയിലെത്തും. യുപിയില്‍ ബിജെപിയുടെ കോട്ടകൊത്തളങ്ങളെ വിറപ്പിച്ച് ഇന്ത്യാ സഖ്യം നടത്തിയ മുന്നേറ്റത്തില്‍ പാർട്ടി നേതൃത്വം കടുത്ത ആശങ്കയിലാണ്. ഈ സാഹചര്യത്തിലാണ് യോഗിയെ ഡല്‍ഹിയിലേക്ക് വിളിപ്പിച്ചിരിക്കുന്നത്.

തിരഞ്ഞെടുപ്പില്‍ ബിജെപി തുറുപ്പുചീട്ടായി കൊട്ടിഘോഷിച്ച അയോധ്യ രാമക്ഷേത്രവും മോദിയുടെ വിദ്വേഷപ്രസംഗങ്ങളെയും എല്ലാം നിഷ്ഫലമാകുന്നതാണ് കാണാനായത്. അയോധ്യ ഉൾപ്പെട്ട ഫൈസാബാദ് മണ്ഡലത്തിൽ സമാജ്‍വാദി പാർട്ടിയുടെ അവദേശ് പ്രസാദ് 54,567 വോട്ടിന്‍റെ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്. സിറ്റിംഗ് എംപിയായിരുന്ന ബിജെപിയുടെ ലല്ലു സിംഗിനെയാണ് ഇവിടെ എസ്പി സ്ഥാനാർത്ഥി പരാജയപ്പെടുത്തിയത്. ഉത്തർപ്രദേശ് തൂത്തുവാരാമെന്ന് ലക്ഷ്യമിട്ടിറങ്ങിയ മോദിക്കും കൂട്ടർക്കും നേരിട്ട അപ്രതീക്ഷിത തിരിച്ചടി പാർട്ടിക്ക് കനത്ത ആഘാതമായി. ഈ പശ്ചാത്തലത്തില്‍ കൂടിയാണ് യോഗിയെ ഡല്‍ഹിക്ക് വിളിപ്പിച്ചിരിക്കുന്നത്.