പെരിന്തല്‍മണ്ണയില്‍ സിപിഎം ശക്തികേന്ദ്രങ്ങളിലെ തിരിച്ചടി; ചര്‍ച്ചയായി നിയമസഭാ തിരഞ്ഞെടുപ്പില്‍ അച്ചടക്ക നടപടി നേരിട്ട നേതാവിന്‍റെ ഫേസ്ബുക്ക് പോസ്റ്റ്

Jaihind Webdesk
Friday, June 7, 2024

 

മലപ്പുറം: നഗരസഭാ പൊതുമരാമത്ത് സ്ഥ‌ിരസമിതി അധ്യക്ഷനായ കെ. ഉണ്ണികൃഷ്ണന്‍റെ പോസ്റ്റ് പ്രവർത്തകർക്കിടയിൽ ചർച്ചയാകുന്നു. പെരിന്തൽമണ്ണയിൽ സിപിഎം ശക്തി കേന്ദ്രങ്ങളിൽ വോട്ട് കുറഞ്ഞതോടെ നിയമസഭാ തിരഞ്ഞെടുപ്പിലെ അച്ചടക്ക നടപടി ഓർമിപ്പിച്ച് സിപിഎം നേതാവിന്‍റെ ഫെയ്‌സ്ബുക് പോസ്‌റ്റ് ഇങ്ങനെ. ‘പാർട്ടി നടപടിക്ക് വിധേയമാകേണ്ടവരുടെ എണ്ണം ഹോ …’ എന്നായിരുന്നു ഫേസ്ബുക്ക് കുറിപ്പ്. പഴയ കാര്യങ്ങൾ ഓർമിപ്പിച്ചുകൊണ്ട് പലരും താഴെ കമന്‍റും രേഖപ്പെടുത്തി.

ലോക്‌സഭാ തിരഞ്ഞെടുപ്പിൽ പെരിന്തൽമണ്ണ നിയോജക മണ്ഡലത്തിലെ സിപിഎം കോട്ടകളിലെ വിള്ളൽ പാർട്ടിയിൽ സജീവ ചർച്ചയാകുന്നു. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ എൽഡിഎഫ് സ്വതന്ത്ര സ്ഥാനാർത്ഥി കെ.പി.എം. മുസ്തഫയ് ക്ക് വോട്ട് കുറഞ്ഞതിന്‍റെ പേരിൽ 5 പേർക്കെതിരെയുണ്ടായ നടപടിയും പുതിയ സാഹചര്യത്തിൽ പ്രവർത്തകർക്കിടയിൽ ചർച്ചയാവുകയാണ്. അന്ന് 38 വോട്ടിന്‍റെ ഭൂരിപക്ഷത്തിലാണ് യുഡിഎഫ് സ്‌ഥാനാർത്ഥി നജീബ് കാന്തപുരം വിജയിച്ചത്. ഇതേ തുടർന്നാണ് പ്രചാരണ രംഗത്ത് സജീവമായില്ലെന്ന പേരിൽ 2 സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗങ്ങൾ ഉൾപ്പെടെ 5 പേർ നടപടി നേരിട്ടത്.

ലോക്സഭാ തിരഞ്ഞെടുപ്പ് ഫലം പുറത്തു വന്ന ഉടനെ അന്ന് പാർട്ടി നടപടി നേരിട്ടവരിൽ നിലവിലെ നഗരസഭാ പൊതുമരാമത്ത് സ്ഥ‌ിരസമിതി അധ്യക്ഷനായ കെ. ഉണ്ണികൃഷ്ണന്‍റെ പോസ്റ്റും പ്രവർത്തകർക്കിടയിൽ സജീവ ചർച്ചയാകുന്നുണ്ട്. എന്നാൽ സംഭവം വിവാദമായതോടെ മണിക്കൂറുകൾക്ക് ശേഷം ഈ പോസ്‌റ്റ് നീക്കം ചെയ്തു. അന്ന് ഏരിയ കമ്മിറ്റ് അംഗമായിരുന്ന കെ.ഉണ്ണിക്കൃഷ്ണനെ ലോക്കൽ കമ്മിറ്റിയിലേക്ക് തരംതാഴ്ത്തിയിരുന്നു. ഇ.ടി. മുഹമ്മദ് ബഷീറിന് പെരിന്തൽമണ്ണ നിയോജക മണ്ഡലത്തിൽ നിന്ന് ഇത്തവണ ലഭിച്ച 26799 വോട്ടിൻറെ ലീഡിൽ 14959 വോട്ടും എൽഡിഎഫ് ഭരിക്കുന്ന പെരിന്തൽമണ്ണ നഗരസഭ, മേലാറ്റൂർ, താഴെക്കോട്, പുലാമന്തോൾ പഞ്ചായത്തുകൾ എന്നിവിടങ്ങളിൽ നിന്നാണ്.

തിരഞ്ഞെടുപ്പുകളിൽ സിപിഎ മ്മിന് ഭൂരിപക്ഷം ഉറപ്പാക്കാറുള്ള ഏലംകുളം പഞ്ചായത്തിൽനിന്ന് ഇ.ടിക്ക് 1029 വോട്ടിന്‍റെ ലീഡ് ലഭിച്ചു. മാത്രമല്ല നിയോജക മണ്ഡലത്തിൽ ഇ.ടിക്ക് 857 എന്ന ഏറ്റവും കൂടുതൽ വോട്ട് ലഭിച്ചതും ഇ.എം.എസിന്‍റെ നാട്ടിലെ ബൂത്തിൽ നിന്നാണ്. നിയോജക മണ്ഡലത്തിൽ നിന്ന് ഇത്തവണ യുഡിഎഫിന് കൂടുതൽ ലീഡ് നൽകിയത് സിപിഎം ഭരിക്കുന്ന താഴെക്കോട് പഞ്ചായത്താണ്. (6338 വോട്ട്). നിയമസഭാ തിരഞ്ഞെടുപ്പിൽ എൽഡിഎഫ് സ്ഥാനാർത്ഥിയ്ക്ക് 46.18 ശതമാനം വോട്ട് ലഭിച്ചപ്പോൾ ഇത്തവണ വി.വസിഫിന് 37.44 ശതമാനം വോട്ടാണ് ലഭിച്ചത്. സിപിഎമ്മിന് ന് 10 % ത്തോളം വോട്ട് ചോർച്ച ഉണ്ടായി.