ഇടതു പാർട്ടിക്ക് തിരിച്ചടി: ഡൽഹി നിയമസഭ വോട്ട് എണ്ണത്തിൽ ‘നോട്ട’ മുന്നിട്ടു

Jaihind News Bureau
Sunday, February 9, 2025

ഡൽഹി: ഇപ്പോള്‍ നടന്ന തിരഞ്ഞെടുപ്പിൽ ഇടതു പാർട്ടി നേരിട്ടത് കനത്ത തിരിച്ചടി. വോട്ട് എണ്ണത്തിൽ നോട്ടയ്ക്കും പിന്നിലാണ് സിപിഎം. ഡൽഹി നിയമസഭ തിരഞ്ഞെടുപ്പിൽ 6 സീറ്റുകളില്‍ മാത്രമാണ് ഇടതു പാർട്ടി മത്സരിച്ചത്. എന്നാൽ അവിടെ ലഭിച്ച വോട്ടുകളുടെ എണ്ണം നോട്ടയ്ക്കൊപ്പം പോലും  എത്താനായില്ല.

ചൊവ്വാഴ്ച നടന്ന തെരഞ്ഞെടുപ്പിൽ, കരാവൽ നഗർ,2 ബദർപൂർ, വികാസ്പുരി, പാലത്ത്, നരേല, കോണ്ട്‌ലി തുടങ്ങിയ ഇടങ്ങളിലാണ് സിപിഎം മല്‍സരിച്ചത്. ഇവിടെയൊന്നും മുന്നേറ്റങ്ങളില്ലാതെ  ഇടതുപാർട്ടി  താഴ്ന്ന നിലയിലാണ് എത്തിയത് .  പാർട്ടി വിവിധ മണ്ഡലങ്ങളിൽ മത്സരിച്ചെങ്കിലും, എല്ലായിടത്തും ഒരേ അവസ്ഥ തന്നെയാണ് നിഴലിച്ചത്. ഇവിടങ്ങളിൽ ഒരൊറ്റ സീറ്റിനുമുള്ള പ്രതീക്ഷയും തിരിച്ചടിയായി.

കരാവൽ നഗറില്‍ സിപിഎം  സ്ഥാനാർത്ഥി അശോക് അഗർവാളിന് വെറും 457 വോട്ടുകൾ ലഭിച്ചു. എന്നാൽ, നോട്ടയ്ക്ക് 709 വോട്ടുകളാണ് ലഭിച്ചത്. ബദർപൂരിൽ ജഗദീഷ്ചന്ദിന് 367 വോട്ട്, എന്നാൽ നോട്ടയ്ക്ക് 915 വോട്ടുകൾ. വികാസ്പുരിയിൽ ഷിജോ വർഗീസ് 687 വോട്ട് നേടി, എന്നാൽ നോട്ടയ്ക്ക് 1460 വോട്ടുകൾ. പാലത്തിൽ ദിലീപ് കുമാർ 326 വോട്ട് നേടി, നോട്ടയ്ക്ക് 1119 വോട്ടുകൾ. നരേലിൽ അനിൽകുമാർ സിങ് 328 വോട്ട് നേടി, എന്നാൽ നോട്ടയ്ക്ക് 981 വോട്ടുകൾ. കോണ്ട്‌ലിയിൽ അമർജീത് പ്രസാദ് 100 വോട്ട് നേടിയെങ്കിലും, നോട്ടയ്ക്ക് 776 വോട്ടുകൾ. ഇങ്ങനെയാണ് വോട്ട് നില.