തൃശൂര്‍ കോര്‍പ്പറേഷനിലും പിന്‍വാതില്‍ നിയമനം; പ്രതിഷേധം, ഉന്തും,തള്ളും കോണ്‍ഗ്രസ് കൗണ്‍സിലര്‍മാരെ അറസ്റ്റ് ചെയ്തു

Jaihind Webdesk
Friday, November 11, 2022

കോര്‍പ്പറേഷനിലെ ശുചീകരണ തൊഴിലാളികളുടെ സ്ഥിരം നിയമനത്തിലെ ക്രമക്കേടില്‍ പ്രതിഷേധവുമായി പ്രതിപക്ഷം.
പൊലീസ് പ്രതിരോധം മറികടന്ന് കൗണ്‍സിലര്‍മാര്‍ കോര്‍പറേഷന്‍ ഗേയ്റ്റ് തുറക്കുകയും മേയറുടെ ചേംബറിലേയ്ക്ക് ഇരച്ചുകയറാനും ശ്രമിച്ചു. തുടര്‍ന്ന് പോലീസുമായി ഉന്തും തള്ളും വാക്കേറ്റവും ഉണ്ടായി. പിന്നീട് കൗണ്‍സിലര്‍മാരെ ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്തു നീക്കി. മേയറുടെ ഓഫിസില്‍ അനധികൃത നിയമനം നടത്തിയെന്നാണ് പ്രതിപക്ഷ ആരോപണം.

ഡി.സി.സി. പ്രസിഡന്‍റ് ജോസ് വള്ളൂര്‍ അടക്കമുള്ളവര്‍ പ്രതിഷേധനത്തിന് നേതൃത്വം നല്‍കി.

സി.പി.എമ്മുമായി അടുത്ത ബന്ധമുള്ള 76 പേരെ സ്ഥിരപ്പെടുത്താന്‍ കോര്‍പ്പറേഷന്‍ തീരുമാനിച്ചിരുന്നു. ഇത് പിന്‍വാതില്‍ നിയമനമാണെന്ന് ഹൈക്കോടതിയും കണ്ടെത്തിയിരുന്നു. 2021 ജൂലൈയില്‍ അഭിമുഖം നടത്തിയാണ് ഉദ്യോഗാര്‍ഥികളെ കണ്ടെത്തിയത്. 15 മുതല്‍ 20 വര്‍ഷം വരെ ജോലിചെയ്തതിന്റെ കൃത്യമായ രേഖകളുള്ള ജീവനക്കാരെ സ്ഥിരപ്പെടുത്താന്‍ ഹൈക്കോടതി വിധിയുള്ളപ്പോഴാണ് അനധികൃത നിയമനമെന്നാണ് ആരോപണം. എംപ്ലോയ്മെന്റ് എക്സചേഞ്ച് വഴി ആദ്യം കുറച്ചുപേരുടെ പട്ടിക തയ്യാറാക്കി. അതില്‍ 22 പേരെ അനധികൃതമായി ചേര്‍ത്ത് അന്തിമപട്ടിക തയ്യാറാക്കുകയായിരുന്നു. നിയമന നടപടികള്‍ അന്തിമഘട്ടത്തില്‍ എത്തിനില്‍ക്കുമ്പോഴാണ് ഹൈക്കോടതി വിഷയത്തില്‍ ഇടപെട്ടത്. 76 പേരുടെ നിയമനം പിന്‍വാതില്‍ വഴിയാണെന്ന് ബോധ്യപ്പെട്ട കോടതി, നിയമനം സ്റ്റേ ചെയ്യുകയായിരുന്നു.

എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് വഴി നിയമിക്കപ്പെടുന്നവരില്‍ ഭൂരിപക്ഷവും സി.പി.എം. പ്രവര്‍ത്തകരോ പോഷകസംഘടനയില്‍ ഉള്ളവരോ ആണെന്ന് ഉദ്യോഗാര്‍ഥികള്‍ ആരോപിച്ചു. 50 വയസ്സില്‍ താഴെയുള്ള 310പേരുടെ പട്ടിക കോര്‍പ്പറേഷന്‍ തന്നെ തയ്യാറാക്കിയിരുന്നു. ഇതില്‍ നിന്ന് നിയമനം നടത്താതെയാണ് അനധികൃതനിയമനത്തിന് ശ്രമിച്ചത്.