തിരുവനന്തപുരം: കേരളത്തില്‍ അപ്രഖ്യാപിത നിയമന നിരോധന നിലനില്‍ക്കുമ്പോള്‍ തന്നെ പിന്‍വാതില്‍ നിയമനങ്ങളും തകൃതിയായി നടക്കുകയാണ് എന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍. പി.എസ്.സി പരീക്ഷയില്‍ ഒന്നാം റാങ്ക് ലഭിച്ചവര്‍ക്കു പോലും ജോലി ലഭിക്കാത്ത അവസ്ഥയാണ്. എന്നാല്‍ സി.പി.എം ബന്ധമുള്ളവര്‍ക്ക് പിന്‍വാതില്‍ നിയമനങ്ങള്‍ നല്‍കുകയാണ്. ബോഡി ബില്‍ഡിംഗ് താരങ്ങള്‍ക്ക് പൊലീസില്‍ ഇന്‍സ്പെക്ടറായി നിയമനം നല്‍കാനുള്ള തീരുമാനം മുഴുവന്‍ നിയമങ്ങളെയും അട്ടിമറിക്കുന്നതാണെന്നും വി ഡി സതീശന്‍ പറഞ്ഞു.
പൊലീസിലെ സായുധ സേനാ വിഭാഗത്തിലെ ഇന്‍സ്‌പെക്ടര്‍ റാങ്കിലേക്ക് കായികതാരങ്ങളെ നേരിട്ട് നിയമിക്കരുതെന്ന സര്‍ക്കാര്‍ ഉത്തരവ് മറികടന്നാണ് രണ്ടു പേര്‍ക്ക് ഇപ്പോള്‍ നിയമനം നല്‍കിയിരിക്കുന്നത്. സംസ്ഥാനത്തെ നിയമപ്രകാരം ബോഡി ബില്‍ഡിങിനെ സ്‌പോട്‌സ് ക്വാട്ടാ നിയമനത്തിന് അര്‍ഹമായ കായിക ഇനമായി അംഗീകരിച്ചിട്ടില്ല. അതും സര്‍ക്കാര്‍ ലംഘിച്ചു. പൊലീസ് നിയമനത്തിന് വേണ്ട കായികശേഷി പരീക്ഷ പോലും ഒഴിവാക്കിയെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.
ഫുട്ബോള്‍ താരങ്ങള്‍ പോലും ജോലി കിട്ടാതെ നില്‍ക്കുമ്പോഴാണ് ഈ പിന്‍വാതില്‍ നിയമനങ്ങള്‍. ഒളിംപ്യനും അര്‍ജുന അവാര്‍ഡ് ജേതാവുമായ എം.ശ്രീശങ്കറിനെ പരിഗണിക്കണമെന്ന ഡി.ജി.പിയുടെ ശുപാര്‍ശ തള്ളിക്കൊണ്ടാണ് ബോഡി ബില്‍ഡിംഗ് താരങ്ങള്‍ക്ക് നിയമനം നല്‍കുന്നത്. അര്‍ഹരായ ഉദ്യോഗാര്‍ത്ഥികളുടെ കണ്ണീരില്‍ ചവിട്ടിയാണ് പിന്‍വാതില്‍ നിയമനങ്ങള്‍. ബോഡി ബില്‍ഡിങ് താരങ്ങളെ പൊലീസിലെടുക്കാനാവില്ലെന്ന പൊലീസ് മേധാവിയുടെ വിയോജനകുറിപ്പും അവഗണിച്ചു. പിന്‍വാതില്‍ നിയമന നീക്കത്തെ രാഷ്ട്രീയമായും നിയമപരമായും നേരിടും. സി.പി.എം ബന്ധുക്കള്‍ക്ക് സര്‍ക്കാര്‍ ജോലി തപ്പെടുത്തിക്കൊടുക്കാനാണ് ശ്രമിക്കുന്നത്. സി.പി.എമ്മുകാര്‍ക്ക് ജോലി നല്‍കി അര്‍ഹരായവര്‍ക്ക് ജോലി നിഷേധിക്കുന്നതിനെതിരെ പ്രതിഷേധിക്കുക തന്നെ ചെയ്യുമെന്നും പ്രതിപക്ഷ നേതാവ് വ്യക്തമാക്കി.