പിന്‍വാതില്‍ നിയമനങ്ങള്‍ തുടര്‍ന്ന് സര്‍ക്കാര്‍; കേരള കലാമണ്ഡലത്തില്‍ താല്‍ക്കാലികക്കാരെ സ്ഥിരപ്പെടുത്താൻ വഴിവിട്ട നീക്കം

Jaihind News Bureau
Sunday, August 23, 2020

 

തൃശൂർ: കേരള കലാമണ്ഡലത്തിലും ഇടതു സർക്കാരിന്‍റെ പിൻവാതിൽ നിയനങ്ങൾ തകൃതി. സർക്കാരിന്‍റെ അവസാന വർഷമായതോടെ താത്കാലികക്കാരെ സ്ഥിരപ്പെടുത്താനും വഴിവിട്ട നീക്കങ്ങൾ വ്യാപകമായി. അതിനിടെ 6 സിപിഎം പ്രവർത്തകരെ സ്ഥിരപ്പെടുത്താനുള്ള തീരുമാനം ഹൈക്കോടതി സ്‌റ്റേ ചെയ്തിരിക്കുകയാണ്.

ഈ സർക്കാരിന്‍റേയും  ഭരണ സമിതിയുടെയും കാലത്ത് അധ്യാപക- അനധ്യാപക തസ്തികകളിലായി ഇരുന്നൂറിലധികം താത്കാലിക നിയമനങ്ങളാണ് കലാമണ്ഡലത്തിൽ നടത്തിയിരിക്കുന്നത്. ഇതിൽ ഒന്നു പോലും അംഗീകൃത തസ്തികയല്ല. എഴുത്തു പരീക്ഷയോ അഭിമുഖമോ നടത്താതെ എല്ലാം പിൻവാതിൽ നിയമനമായിരുന്നു. അതിനിടെ പുതിയ ഭരണസമിതി വന്നതിന് ശേഷം 32 സ്ഥിര നിയമനങ്ങളും നടത്തി. ഇതിൽ ഇഷ്ടക്കാരെ തിരുകി കയറ്റുന്നതിന് ഇന്‍റർവ്യൂ ബോർഡിന്‍റെ വ്യവസ്ഥയിൽ മാറ്റം വരുത്തി. വൈസ് ചാൻസലറും വിഷയവുമായി ബന്ധപ്പെട്ട 5 വിദഗ്ധരുമാണ് ബോർഡിൽ ഉണ്ടാകേണ്ടത്. എന്നാൽ ഇത് വി.സിയും ഒരു വിഷയ വിദഗ്ധനും രണ്ട് ഭരണ സമിതി അംഗങ്ങളും എന്നാക്കി മാറ്റി. ഭരണ സമിതി അംഗമായി എല്ലാ ഇൻറർവ്യൂവിലും പങ്കെടുത്ത സിപിഎം നേതാവ് ടി.കെ വാസു പാർട്ടി നോമിനികൾക്കായി വഴിയൊരുക്കി കൊടുത്തു.

എന്നാൽ കഥകളി വിഭാഗം ഇന്‍റർവ്യൂവിൽ നിന്ന് ടി.കെ.വാസു മാറി നിന്നു. ഈ വിഭാഗത്തിൽ ടി.കെ വാസുവിന്‍റെ ബന്ധുവിന് സ്ഥിര നിയമനം ലഭിച്ചത് ഹൈക്കോടതിയിൽ ചോദ്യം ചെയ്യപ്പെട്ടു. തുടർന്ന് എല്ലാ നിയമനങ്ങളും അന്തിമ വിധിക്ക് വിധേയമായിരിക്കുമെന്നും ഈ കാര്യം നിയമന ഉത്തരവിൽ രേഖപ്പെടുത്തണമെന്നും ഹൈക്കോടതി ഉത്തരവിട്ടു. ഏറ്റവും ഒടുവിൽ സിപിഎം പ്രവർത്തകരായ ആറ് ജീവനക്കാരെ സ്ഥിരപ്പെടുത്താനാണ് കലാമണ്ഡലം ഭരണ സമിതി നീക്കം നടത്തിയത്. എന്നാൽ നിയമനം ഹൈക്കോടതി സ്റ്റേ ചെയ്തിരിക്കുകയാണ്. എന്തായാലും അനധികൃത നിയമനങ്ങളുടെ കൂത്തരങ്ങായി കലാമണ്ഡലം മാറുമ്പോൾ അഴിമതി ആരോപണങ്ങളുടെ മേളവും മുറുകുകയാണ്.

teevandi enkile ennodu para