മുട്ടിലിഴഞ്ഞ് യാചിച്ച് ഉദ്യോഗാർത്ഥികള്‍ ; കരുണയില്ലാതെ സർക്കാർ, ഇന്ന് സ്ഥിരപ്പെടുത്തിയത് 221 പേരെ ; പ്രതിഷേധം

Jaihind News Bureau
Monday, February 15, 2021

തിരുവനന്തപുരം : ജോലിക്കായി സെക്രട്ടേറിയറ്റിന് മുന്നില്‍ പി.എസ്.സി റാങ്ക് ലിസ്റ്റിലുള്ളവർ ശക്തമായ സമരം തുടരുന്നതിനിടെ കൂട്ടസ്ഥിരപ്പെടുത്തല്‍ തുടർന്ന് പിണറായി സർക്കാർ. ഉദ്യോഗാർത്ഥികളുടെ ആവശ്യങ്ങളോട് മുഖംതിരിച്ച സർക്കാർ 221 പേരെ കൂടി സ്ഥിരപ്പെടുത്താന്‍ തീരുമാനിച്ചു. ഇന്നുചേർന്ന മന്ത്രിസഭായോഗത്തിലാണ് തീരുമാനം.

തസ്തിക സൃഷ്ടിക്കലോ ലിസ്റ്റിലുള്ളവരെ കൂടുതല്‍ നിയമിക്കാനോ തീരുമാനമില്ല. പി.എസ്.സി ലിസ്റ്റിലുള്ള താല്‍ക്കാലികക്കാരെ സ്ഥിരപ്പെടുത്തരുതെന്നും മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശമുണ്ട്. കെ.ടി.ഡി.സിയിൽ 100 പേരെയും യുവജന ക്ഷേമബോർഡിൽ 37 പേരെയും കോ ഓപ്പറേറ്റീവ് അക്കാദമിയിൽ 14 പേരെയും സ്കോൾ കേരളയിൽ 54 പേരെയും ഭവന നിർമ്മാണ വകുപ്പിൽ 16 പേരെയുമാണ് ഇന്നുമാത്രം സ്ഥിരപ്പെടുത്തിയത്.

സെക്രട്ടേറിയറ്റിന് മുന്നില്‍ പി.എസ്.സി റാങ്ക് ഹോള്‍ഡേഴ്സിന്‍റെ സമരം തുടരുകയാണ്. ഉദ്യോഗാർത്ഥികളുടെ സമരം കാണാന്‍ തയാറാകാതെയാണ് സർക്കാർ കൂടുതല്‍ അനധികൃത നിയമനങ്ങളുമായി മുന്നോട്ടുപോകുന്നത്. തൊഴിലിനായുള്ള സഹന സമരത്തോട് സർക്കാർ മുഖം തിരിച്ചതോടെ സെക്രട്ടറിയേറ്റിന് മുന്നിൽ ഉദ്യോഗാർത്ഥികൾ മുട്ടിലിഴഞ്ഞ് യാചനാ സമരം നടത്തി. ഉദ്യോഗാർത്ഥികള്‍ക്ക് പൂർണ്ണ പിന്തുണ പ്രഖ്യാപിച്ച് യൂത്ത് കോണ്‍ഗ്രസും സമരരംഗത്തുണ്ട്. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ഷാഫി പറമ്പിലും കെ.എസ് ശബരീനാഥനും സെക്രട്ടേറിയറ്റിന് മുന്നില്‍ ഇന്നലെ മുതല്‍ നിരാഹാര സമരം ആരംഭിച്ചു.

ഇന്നു ചേർന്ന പ്രത്യേക മന്ത്രിസഭായോഗത്തെ പ്രതീക്ഷയോടെയായിരുന്നു ഉദ്യോഗാർത്ഥികള്‍ നോക്കിയിരുന്നത്. എന്നാല്‍ സമരക്കാരുടെ ന്യായമായ ആവശ്യത്തെയും ദയനീയാവസ്ഥയെയും പോലും അനുഭാവപൂർവം നോക്കിക്കാണാന്‍ പിണറായി സർക്കാർ തയാറാകുന്നില്ല. സർക്കാറിന്‍റെ നിഷേധപൂർണമായ നിലപാടിനെതിരെ സംസ്ഥാനവ്യാപകമായി പ്രതിഷേധങ്ങള്‍ അരങ്ങേറുകയാണ്.