സാങ്കേതിക സര്‍വകലാശാലയിലും പിന്‍വാതില്‍ നിയമന നീക്കം ; അനധ്യാപക നിയമനങ്ങള്‍ നേരിട്ട് നടത്താന്‍ ശ്രമം

Jaihind News Bureau
Wednesday, March 3, 2021

 

തിരുവനന്തപുരം: സാങ്കേതിക സര്‍വകലാശാലയിലും പിന്‍വാതില്‍ നിയമനത്തിന് നീക്കം. അനധ്യാപക നിയമനങ്ങള്‍ പി.എസ്.സിയാണ് നടത്തേണ്ടതെങ്കിലും അനധ്യാപക തസ്തികകളായ ജോയിന്റ് ഡയറക്ടര്‍മാരുടെയും അസിസ്റ്റന്റ് ഡയറക്ടര്‍മാരുടെയും തസ്തികകളിലേക്ക് സര്‍വകലാശാല നേരിട്ട് നിയമനം നടത്തുന്നു.

രജിസ്ട്രാര്‍, പരീക്ഷാ കണ്‍ട്രോളര്‍, ഫിനാന്‍സ് ഓഫീസര്‍, തുടങ്ങിയ അനധ്യാപക നിയമനങ്ങള്‍ സര്‍വകലാശാലയ്ക്ക് നേരിട്ട് നടത്തുന്നതിനുവേണ്ടി അവയെ കരാര്‍ നിയമനങ്ങളാക്കി നിയമഭേദഗതി വരുത്തിയാണ് പ്രസ്തുത നിയമനങ്ങള്‍ സര്‍വകലാശാല തന്നെ നടത്തിയത്. എന്നാല്‍ അധ്യാപകവിഭാഗത്തില്‍പ്പെടാത്ത ജോയിന്റ് ഡയറക്ടര്‍, അസിസ്റ്റന്റ് ഡയറക്ടര്‍ തസ്തികകളിലെ സ്ഥിരം ഒഴിവുകളിലേക്ക് പി.എസ്.സിയെ അറിയിക്കാതെ തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവില്‍ വന്നതിന്റെ തലേന്നാള്‍ സാങ്കേതിക സര്‍വകലാശാല വിജ്ഞാപനം പുറപ്പെടുവിക്കുകയായിരുന്നു. ഈ മാസം ഇന്റര്‍വ്യൂ നടത്തി നിയമനം നടത്താനാണ് നീക്കം.

അനധ്യാപക നിയമനങ്ങള്‍ പി.എസ്.സി വഴിമാത്രമേ നടത്താന്‍ പാടുള്ളുവെന്ന് വ്യവസ്ഥ യുള്ളപ്പോള്‍ സര്‍വകലാശാല നേരിട്ട് നിയമനങ്ങള്‍ നടത്തുന്നത് ചട്ടലംഘനമാണെന്നും നിയമന നടപടികള്‍ നിര്‍ത്തിവയ്ക്കാന്‍ വിസിക്ക് നിര്‍ദ്ദേശം നല്‍കണമെന്നുമാവശ്യപ്പെട്ട് സാങ്കേതിക സര്‍വകലാശാല സ്റ്റാഫ് ഓര്‍ഗനൈസേഷന്‍ ഗവര്‍ണര്‍ക്ക് നിവേദനം നല്‍കി.