നിർമിതിയിലും സ്ഥിരപ്പെടുത്തല്‍ ; സി.പി.എം അനുഭാവികളായ 16 പേർക്ക് സ്ഥിരനിയമനം

Jaihind News Bureau
Wednesday, February 17, 2021

 

തിരുവനന്തപുരം : സംസ്ഥാന സർക്കാരിനു കീഴിലെ സ്ഥാപനമായ നിർമിതി കേന്ദ്രത്തിൽ 16 പേരെ സ്ഥിരപ്പെടുത്തി. എല്ലാവരും വി.എസ് സർക്കാരിന്‍റെ കാലത്ത് കയറിയ സി.പി.എം അനുഭാവികൾ. നിർമിതി കേന്ദ്രയ്ക്ക് ജീവനക്കാരെ സ്ഥിരപ്പെടുത്താൻ കഴിയുമെന്ന് വാദിച്ചാണ് 16 പേരെയും സ്ഥിരപ്പെടുത്തിയിരിക്കുന്നത്.

റാങ്ക് ഹോൾഡേഴ്‌സിന്‍റേയും പ്രതിപക്ഷത്തിന്‍റെയും സമരം ശക്തമാകുമ്പോഴും കൂടുതൽ താല്‍ക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്താനുള്ള തീരുമാനമാണ് മന്ത്രിസഭായോഗം എടുത്തത്. നിർമിതി കേന്ദ്രത്തിൽ പത്ത് വർഷത്തിലധികമായി ജോലി ചെയ്യുന്ന 16 പേരെ സ്ഥിരപ്പെടുത്തി എക്‌സിക്യൂട്ടീവ് കമ്മിറ്റി ഉത്തരവിറക്കി. ധനവകുപ്പിന്‍റെ എതിർപ്പ് മറികടന്നാണ് സ്ഥിരപ്പെടുത്തല്‍. നിർമിതി കേന്ദ്രയ്ക്ക് ജീവനക്കാരെ സ്വന്തമായി സ്ഥിരപ്പെടുത്താൻ കഴിയുമെന്ന് വാദിച്ചാണ് 16 പേരെയും സ്ഥിരപ്പെടുത്തി ഉത്തരവിറക്കിയിരിക്കുന്നത്. ടൂറിസം വകുപ്പിലെ വിവിധ സ്ഥലങ്ങളിൽ 10 വർഷത്തിലധികമായി ജോലി ചെയ്യുന്ന 90 പേരെ സ്ഥിരപ്പെടുത്തിയ കാര്യത്തിലും തീരുമാനമായി.

ആരോഗ്യ വകുപ്പിലെയും മത്സ്യഫെഡിലേയും വനം വകുപ്പിലെയും താല്‍ക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്താനുള്ള ഫയലും മന്ത്രിസഭയുടെ പരിഗണനയ്ക്ക് വന്നു. സ്ഥിരപ്പെടുത്തുന്ന തസ്തിക പി.എസ്.സിക്ക് വിട്ടതല്ലെന്ന് ഉറപ്പുവരുത്തണമെന്ന് വകുപ്പുകൾക്ക് മുഖ്യമന്ത്രി മന്ത്രിസഭാ യോഗത്തിൽ നിർദ്ദേശം നൽകി. പി.എസ്.സിക്ക് വിട്ട തസ്തികകളിലെ ജീവനക്കാരെ സ്ഥിരപ്പെടുത്താനുള്ള ഫയലുകൾ മന്ത്രിസഭയുടെ പരിഗണനയിലേക്ക് കൊണ്ടുവരരുതെന്നും മുഖ്യമന്ത്രി മന്ത്രിമാരോട് പറഞ്ഞു.

അതേസമയം സെക്രട്ടേറിയറ്റിന് മുന്നിൽ സമരം നടത്തുന്ന ഉദ്യോഗാർഥികൾക്ക് ആശ്വാസം നൽകുന്ന ഒരു തീരുമാനവും മന്ത്രിസഭയുടെ ഭാഗത്ത് നിന്ന് ഇതുവരെ ഉണ്ടായില്ല. ലാസ്റ്റ് ഗ്രേഡ് റാങ്ക് ലിസ്റ്റ് കാലാവധി നീട്ടാനോ, പുതിയ തസ്തിക സൃഷിക്കാനോ ഉള്ള ചർച്ചകൾക്ക് പോലും തീരുമാനമായില്ല.