കോതമംഗലം: കോതമംഗലം കുട്ടമ്പുഴയില്‍ അട്ടിക്കളത്ത് വനത്തില്‍ കാണാതായ മൂന്നു സ്ത്രീകളെ കണ്ടെത്തി നാട്ടില്‍ തിരിച്ചെത്തിച്ചു. ആറ് കിലോമീറ്റര്‍ ദൂരത്തായി അറക്കമുത്തി ഭാഗത്താണ് സ്ത്രീകളെ കണ്ടെത്തിയത്. ഇവരെ കാല്‍നടയായാണ് വനത്തില്‍ നിന്നും പുറത്തെത്തിച്ചത്. മാളോക്കുടി മായാ ജയന്‍, കാവുംപടി പാറുക്കുട്ടി, പുത്തന്‍പുര ഡാര്‍ളി എന്നിവരെയാണ് ഇന്നലെ വൈകിട്ട് 4 മണിയോടെ കാണാതായതായി സ്ഥിരീകരിക്കുന്നത്.
കാണാതായ പശുവിനെ തിരയാന്‍ പോയതാണ് ഇവര്‍. വനത്തില്‍ കാട്ടാനയുടെ സാന്നിധ്യം ഭയന്ന് വഴിതെറ്റി പോവുകയായിരുന്നു . ഇന്നലെ വൈകുന്നേരം നാലുമണിയോടുകൂടിയാണ് മായ ഭര്‍ത്താവുമായി സംസാരിച്ച് വനത്തിനുള്ളില്‍ അകപ്പെട്ടുപോയ വിവരം അറിയിക്കുന്നത്. അഞ്ചുമണിയോടുകൂടി മൊബൈല്‍ ഫോണ്‍ കണക്ഷന്‍ നഷ്ടമാവുകയും ചെയ്തു.
ഇന്നലെ വൈകുന്നേരം മുതല്‍ ഇവരെ കണ്ടെത്താനുള്ള തിരച്ചില്‍ ആരംഭിച്ചെങ്കിലും ഇരുട്ട് വീണതോടെ രാത്രി തിരച്ചില്‍ അവസാനിപ്പിക്കുകയായിരുന്നു. നേരം വെളുത്തതോടെ തിരച്ചിലിന് കൂടുതല്‍ സംഘത്തെ നിയോഗിക്കുകയുണ്ടായി. വനം വകുപ്പ് ജീവനക്കാര്‍, ഫയര്‍ ഫോഴ്‌സ്, നാട്ടുകാര്‍, വനം വാച്ചര്‍മാര്‍, എന്നിവരാണ് തിരച്ചില്‍ സംഘത്തില്‍ ഉണ്ടായിരുന്നത്. ഇന്ന് രാവിലെ അട്ടിക്കളത്ത് നിന്നും 6 കിലോമീറ്റര്‍ ദൂരത്തായി അറക്കമുത്തി ഭാഗത്ത് ഇവരെ കണ്ടെത്തുകയായിരുന്നു. ശേഷം വനം വകുപ്പിന്റെയും ഫയര്‍ഫോഴ്‌സിന്റെയും സഹായത്തോടുകൂടി ഇവരെ വനത്തില്‍ നിന്നും പുറത്തെത്തിച്ചു.