ദുബായ് ഗ്ലോബൽ വില്ലേജിലേക്ക് രണ്ടുദിനം ബാച്ചിലേഴ്‌സിന് വിലക്ക് ; ഡിസംബര്‍ 3 നും 4 നും പ്രവേശനം സ്ത്രീകള്‍ക്കും കുടുംബങ്ങള്‍ക്കും മാത്രം

B.S. Shiju
Thursday, December 3, 2020

ദുബായ് : വിനോദ വ്യാപാര മേളയായ ദുബായ് ഷോപ്പിങ് ഫെസ്റ്റിവലിന്‍റെ ഭാഗമായുള്ള പ്രധാന ആകര്‍ഷണ കേന്ദ്രമായ, ഗ്ലോബൽ വില്ലേജിലേക്ക് ഡിസംബര്‍ മൂന്ന് ( വ്യാഴം ), നാല് ( വെള്ളി ) ദിവസങ്ങളിലെ പ്രവേശനം സ്ത്രീകള്‍ക്കും കുടുംബങ്ങള്‍ക്ക് മാത്രമാക്കി. ഇതോടെ, യുഎഇ ദേശീയ ദിനാഘോഷത്തിന്‍റെ ഈ അവധി ദിനങ്ങളില്‍ ബാച്ചിലേഴ്‌സിന് ( കുടുംബാംഗങ്ങള്‍ ഇല്ലാതെ വരുന്നവര്‍ക്ക് ) ഗ്ലോബൽ വില്ലേജിലേക്ക് പ്രവേശനം അനുവദിക്കില്ല.

സ്വദേശികളും വിദേശികളും ഉള്‍പ്പടെയുള്ള കൂടുതല്‍ കുടുംബാംങ്ങളെ ഗ്ലോബൽ വില്ലേജിലേക്ക് ആകര്‍ഷിപ്പിക്കുക എന്ന ലക്ഷ്യത്തിലാണിതെന്ന് അറിയുന്നു. നേരത്തെ, തിങ്കളാഴ്ച ദിവസങ്ങളില്‍ മാത്രമാണ് സ്ത്രീകള്‍ക്കും കുടുംബങ്ങള്‍ക്ക് മാത്രമായി ഒരു ദിനം മാറ്റിവെച്ചിരുന്നത്. ഇതാണ് ഈ അവധി ദിനങ്ങളില്‍ ഗ്ലോബൽ വില്ലേജ് മാറ്റം വരുത്തിയത്. കൊവിഡ് കാലത്ത് സാമൂഹിക അകലം പാലിച്ചാണ് ദുബായ് ഗ്ലോബൽ വില്ലേജ് പ്രവര്‍ത്തിക്കുന്നത്. അതിനാല്‍, ഇത്തരം സുരക്ഷാ സംവിധാനങ്ങള്‍ കൂടി ഉറപ്പാക്കിയാണ് സ്ത്രീകള്‍ക്കും കുടുംബങ്ങള്‍ക്ക് മാത്രമായ രണ്ടുദിവസങ്ങള്‍ തുടര്‍ച്ചയായി മാറ്റിവെച്ചത്. അതേസമയം, ഇരുപത്തിയഞ്ചാം വാര്‍ഷികം ആഘോഷിക്കുന്ന ഗ്ലോബൽ വില്ലേജില്‍ വിവിധ കലാ-സാസ്‌കാരിക പരിപാടികളും ഈ ദിവസങ്ങളില്‍ ഒരുക്കിയിട്ടുണ്ട്.