ബാബു പോൾ വിട പറയുമ്പോള്‍…

Jaihind Webdesk
Saturday, April 13, 2019

അഡീഷണൽ ചീഫ് സെക്രട്ടറി എന്ന പദവിക്കപ്പുറം കേരളത്തിൽ സാമൂഹ്യ സാംസ്‌ക്കാരിക രംഗത്തെ നിറസാന്നിധ്യമായിരുന്നു ഡി. ബാബുപോൾ. ബ്യൂറോക്രസിയുടെ യാന്ത്രികതയെ ബുദ്ധിയും മനുഷ്യത്വവുംകൊണ്ട് മറികടന്ന അദ്ദേഹം ദീർഘവീക്ഷണവും പ്രായോഗിക ബുദ്ധിയുമുള്ള ഭരണാധികാരിയായിരുന്നു. സാംസ്‌കാരിക കേരളത്തിന് ദീപ്തമായ ഓർമ്മകൾ അവിശേഷിപ്പിച്ചുകൊണ്ടാണ് ബാബു പോൾ ജീവിതത്തിൽ നിന്ന് മാഞ്ഞു പോവുന്നത്. ഔദ്യോഗിക ജീവിതത്തിലും തന്‍റെ കർമവഴികളിലും പുതുപാത വെട്ടിതെളിച്ച് എല്ലാവരുടെയും ആരാധ്യ പാത്രമാകാൻ അദ്ദേഹത്തിന് കഴിഞ്ഞു.

1941ൽ എറണാകുളം ജില്ലയിലെ കുറുപ്പംപടിയിൽ പി. പൗലോസിന്‍റെയും ശോശാമ്മ പൗലോസിന്‍റെയും മകനായി ജനിച്ച അദ്ദേഹം കർമ്മരംഗത്ത് തന്‍റേതായ വ്യക്തി മുദ്ര പതിപ്പിച്ചു.  തത്വചിന്തകൻ, എഴുത്തുകാരൻ, പ്രഭാഷകൻ എന്നിങ്ങനെ വിഖ്യാതനായ ബാബു പോൾ കോളേജിൽ സിവിൽ എഞ്ചിനീയറിംഗ് അദ്ധ്യാപകനായാണ് ഔദ്യോഗിക ജീവിതം ആരംഭിച്ചത്. 1964 ൽ ഐഎഎസ് ഉദ്യോഗസ്ഥനായി. സിവിൽ സർവീസിൽ ഏഴാം റാങ്ക് കരസ്ഥമാക്കിയ അദ്ദേഹം എല്ലാ മേഖലയിലും സജീവമായിരുന്നു. റവന്യൂ ബോർഡ്, ഇൻഫർമേഷൻ ആന്‍റ് കൾച്ചറൽ അഫയേഴ്‌സ് പ്രിൻസിപ്പൽ സെക്രട്ടറി, ചീഫ് സെക്രട്ടറിയായി പ്രവർത്തിച്ചു. ഇടുക്കി ജല വൈദ്യുത പദ്ധതിയുടെ പ്രൊജക്ട് കോ ഓർഡിനേറ്ററുമായും സ്‌പെഷ്യൽ കലക്ടറുമായി 1971 മുതൽ പ്രവർത്തിച്ച അദ്ദേഹം ഇടുക്കി ജില്ല നിലവിൽ വന്ന 1972 മുതൽ 1975 വരെ ജില്ലാ കലക്ടറായിരുന്നു .

2000ത്തിൽ കേരളത്തിന്‍റെ മുൻ അഡീഷണൽ ചീഫ് സെക്രട്ടറിയായി വിരമിച്ച ഡി.ബാബു പോൾ സാംസ്‌ക്കാരിക കേരളത്തിൽ സജീവ സാന്നിദ്ധ്യമായിരുന്നു. പിന്നീട് എഴുത്തിലേക്കും ചിന്തകളിലേക്കും വഴിമാറിയ അദ്ദേഹം നിഷ്പക്ഷമായ അഭിപ്രായം പ്രകടിപ്പിക്കുന്ന എഴുത്തുകാരൻ, പ്രാസംഗികൻ എന്ന നിലയിൽ മലയാള സമൂഹത്തിൽ ചിരപ്രതിഷ്ഠ നേടി.

ജാതിമത വേർതിരിവില്ലാതെ, പാർട്ടികളെ കുറിച്ച് തന്‍റെ അഭിപ്രായം സ്വതന്ത്രമായി പ്രകടിപ്പിച്ച വ്യക്തിത്വത്തിനുടമയായിരുന്നു ബാബു പോൾ. മലയാളത്തിലെ ആദ്യ ബൈബിൾ നിഘണ്ടു വേദശബ്ദരത്‌നാകരം ഉൾപ്പെടെ ഗ്രന്ഥങ്ങളുടെ രചിയിതാവ് കൂടിയാണ് ബാബുപോൾ. ഈ ഗ്രന്ഥത്തിന് വൈജ്ഞാനിക സാഹിത്യത്തിനുള്ള കേരള സാഹിത്യ അക്കാദമി പുരസ്‌കാരത്തിനും അദ്ദേഹം അർഹനായി. തന്‍റെ രചനകളിലും രാഷ്ട്രീയം തുറന്നു പറയുന്ന സാമൂഹിക പ്രതിബദ്ധതയുള്ള എഴുത്തുകാരൻ കൂടിയായ ബാബു പോൾ വിട പറയുമ്പോളും അദ്ദേഹം കൊറിയിട്ട അക്ഷരങ്ങളും അദ്ദേഹത്തിന്‍റെ കർമ്മ മണ്ഡലത്തിലെ ചൈതന്യവത്തായ പ്രവർത്തനവും എന്നും സ്മരിക്കപ്പെടും.

കഴിഞ്ഞ അഞ്ച് പതിറ്റാണ്ടോളമായി ഭരണ സാമൂഹിക സാംസ്‌കാരിക ആധ്യാത്മിക മണ്ഡലങ്ങളിലെ അർത്ഥവത്തായ സാന്നിധ്യമായിരുന്നു. എഴുത്തുകാരൻ, പ്രഭാഷകൻ എന്നീ നിലകളിൽ പ്രശസ്തിയാർജ്ജിച്ച അദ്ദേഹം ഭരണരംഗത്ത് നിരവധി പദവികളാണ് വഹിച്ചത്. ഭരണരംഗത്ത് പലരും ഏറ്റെടുക്കാൻ മടിച്ച് ഉത്തരവാദിത്വങ്ങൾ ബാബു പോളിനെയാണ് തേടിയെത്തിയത്.

ഇടുക്കി ജല വൈദ്യുത പദ്ധതി , കൊച്ചിൻ പോർട്ട് ട്രസ്റ്റ് എന്നിവയുടെ നിർമ്മാണ അവസ്ഥയിലും നടപ്പാക്കലിലും അദ്ദേഹത്തിന്‍റെ കയ്യൊപ്പുണ്ട്. ബാബു പോളെന്ന ഭരണാധികാരി കെട്ടിയുയർത്തിയ അടിത്തറയിൽ നിന്നാണ് ടൂറിസം രംഗത്ത് ഇന്നു കാണുന്ന കുതിച്ചു ചാട്ടം സംസ്ഥാനത്തുണ്ടായത്. പ്രാർത്ഥനയിൽ അധിഷ്ഠിതമായ ജീവിതമായിരുന്നു അദ്ദേഹത്തിന്റേത്. അളന്നു കുറിച്ച വാക്കുകളും നർമ്മബോധവും പ്രസംഗത്തിലുടനീളം പ്രയോഗിക്കുന്ന അദ്ദേഹം അനുവാചകരെ ചിരിപ്പിക്കുന്നതിനൊപ്പം ചിന്തിപ്പിക്കുകയും ചെയ്യുമായിരുന്നു. ബാബു പോളിന്‍റെ നിര്യാണത്തിലൂടെ കേരളത്തിന് നഷ്ടമാകുന്നത് അറിവിന്‍റെ നിറകുടത്തെയാണ്. നിരന്തര വായനയും അർപ്പണബോധവും ജീവിതത്തിലുടനീളം കാത്തു സൂക്ഷിച്ച ബാബു പോൾ പകരം വെയ്ക്കാനില്ലാത്ത ഒരു ബഹുമുഖപ്രതിഭയായിരുന്നുവെന്നതാണ് യാഥാർത്ഥ്യം.