ബാബ രാംദേവിനെ അറസ്റ്റ് ചെയ്യണം ; കേന്ദ്രത്തോട് ആവശ്യപ്പെട്ട് ഐഎംഎ

Jaihind Webdesk
Saturday, May 22, 2021

യോഗ ഗുരു ബാബ രാംദേവിനെ പകര്‍ച്ചവ്യാധി നിയമപ്രകാരം അറസ്റ്റ് ചെയ്യണമെന്ന് കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ട് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍. അലോപ്പതിക്കെതിരെ രാംദേവ് നടത്തിയ പ്രസ്താവന ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് ഐഎംഎ ചൂണ്ടിക്കാട്ടി. അതിരൂക്ഷമായി വ്യാപിക്കുന്ന കൊവിഡിനെതിരെ പോരാടുന്ന ഡോക്ടര്‍മാരും ആരോഗ്യപ്രവര്‍ത്തകരും പോരാടുന്ന സാഹചര്യത്തില്‍ ബാബാ രാംദേവിന്‍റെ പരാമര്‍ശത്തിനെതിരെ നിയമനടപടി സ്വീകരിക്കണമെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയത്തോട് ഐഎംഎ ആവശ്യപ്പെട്ടു.

അലോപ്പതിക്കെതിരെ ബാബാ രാംദേവ് സംസാരിക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഈ പശ്ചാത്തലത്തിലാണ് നിയമനടപടി സ്വീകരിക്കാന്‍ കേന്ദ്ര ആരോഗ്യമന്ത്രി തയാറാവണമെന്ന് ഐ.എം.എ ആവശ്യപ്പെട്ടത്. മറിച്ചാണെങ്കില്‍ രാംദേവിന്‍റെ പരാമര്‍ശങ്ങള്‍ ആരോഗ്യമന്ത്രിയും അംഗീകരിക്കുന്നുവെന്ന് കരുതേണ്ടിവരുമെന്നും ഐ.എം.എ വാര്‍ത്താക്കുറിപ്പില്‍ ചൂണ്ടിക്കാട്ടി.