രാജ്യത്തിന്റെ അന്‍പത്തി രണ്ടാമത് ചീഫ് ജസ്റ്റിസായി ജസ്റ്റിസ് ബി ആര്‍ ഗവായ് ഇന്നാണ് ചുമതലയേല്‍ക്കുന്നത്. രാഷ്ട്രപതി ഭവനില്‍ രാവിലെ 11 മണിക്ക് ആരംഭിക്കുന്ന ചടങ്ങില്‍ രാഷ്ട്രപതി ദ്രൗപദി മുര്‍മുവാണ് പുതിയ ചീഫ് ജസ്റ്റിസിന് സത്യവാചകം ചൊല്ലിക്കൊടുക്കുന്നത്. ഇലക്ട്രല്‍ ബോണ്ട് കേസ്, ബുള്‍ഡോസര്‍ രാജിനെതിരായ വിധി എന്നിവയടക്കം സുപ്രധാന വിധി ന്യായങ്ങളിലൂടെ ശ്രദ്ധേയനാണ് ജസ്റ്റിസ് ഗവായ്.
രാഷ്ട്രപതി ഭവനില്‍ രാവിലെ 11 ന് നടക്കുന്ന ചടങ്ങില്‍ രാഷ്ട്രപതി ദ്രൗപദി മുര്‍മു സത്യവാചകം ചൊല്ലികൊടുക്കും. ഈ വര്‍ഷം നവംബര്‍ 23 വരെയാണ് ഗവായിയുടെ ചീഫ് ജസ്റ്റിസ് കാലാവധി. മഹാരാഷ്ട്ര സ്വദേശിയായ ഗവായ് 1985 ലാണ് അഭിഭാഷകനായി പ്രവേശിച്ചത്. 2019ലാണ് സുപ്രിം കോടതി ജഡ്ജിയായി നിയമിതനായത്. ജസ്റ്റിസ് കെ ജി ബാലകൃഷ്ണന് ശേഷം ദളിത് വിഭാഗത്തില്‍ നിന്ന് ഇന്ത്യയുടെ ചീഫ് ജസ്റ്റിസാകുന്ന രണ്ടാമത്തെ ജഡ്ജി കൂടിയാണ് അദ്ദേഹം. 1985 ല്‍ ബാര്‍ കൗണ്‍സിലില്‍ ചേര്‍ന്നു. മുന്‍ അഡ്വക്കേറ്റ് ജനറലും മഹാരാഷ്ട്ര ഹൈക്കോടതി ജഡ്ജിയുമായിരുന്ന ബാരിസ്റ്റര്‍ രാജ ഭോണ്‍സാലെയോടൊപ്പം പ്രവര്‍ത്തിച്ചിട്ടുണ്ട്.
തുടര്‍ന്ന് 1987 മുതല്‍ 1990 വരെ ബോംബെ ഹൈക്കോടതിയില്‍ സ്വതന്ത്രമായി പ്രാക്ടീസ് ചെയ്തിരുന്നു. ശേഷം, ഭരണഘടനാ നിയമവും ഭരണ നിയമവുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ ബോംബെ ഹൈക്കോടതിയുടെ നാഗ്പൂര്‍ ബെഞ്ചിലായിരുന്നു പ്രാക്ടീസ് ചെയ്തിരുന്നത്. 1992 ഓഗസ്റ്റില്‍ ബോംബെ ഹൈക്കോടതിയുടെ നാഗ്പൂര്‍ ബെഞ്ചില്‍ അസിസ്റ്റന്റ് ഗവണ്‍മെന്റ് പ്ലീഡറായും അഡീഷണല്‍ പബ്ലിക് പ്രോസിക്യൂട്ടറായും അദ്ദേഹം നിയമിതനായിട്ടുണ്ട്. ജസ്റ്റിസ് ഗവായ് 2003 ല്‍ ഹൈക്കോടതിയുടെ അഡീഷണല്‍ ജഡ്ജിയും 2005 ല്‍ സ്ഥിരം ജഡ്ജിയുമായിരുന്നു.
2019 ല്‍ സുപ്രീം കോടതി ജഡ്ജിയായി സ്ഥാനക്കയറ്റം ലഭിക്കുകയായിരുന്നു. സുപ്രീം കോടതി ജഡ്ജി എന്ന നിലയില്‍, ജസ്റ്റിസ് ഗവായ് നിരവധി സുപ്രധാന വിധിന്യായങ്ങളുടെ ഭാഗമായ വ്യക്തിയാണ്. 2016ലെ കേന്ദ്ര സര്‍ക്കാരിന്റെ നോട്ട് നിരോധന തീരുമാനം ശരിവച്ച വിധി, ഇലക്ടറല്‍ ബോണ്ട് പദ്ധതി ഭരണഘടനാ വിരുദ്ധമാണെന്ന് പ്രഖ്യാപിച്ച സുപ്രീം കോടതി വിധി എന്നിവ സുപ്രധാന വിധിന്യായങ്ങളാണ്.