Ranji Trophy| നയിക്കാന്‍ അസ്ഹറുദ്ദീന്‍; കരുത്ത് കൂട്ടി സഞ്ജു; രഞ്ജി ട്രോഫിയില്‍ കേരളം നാളെ ഇറങ്ങും

Jaihind News Bureau
Tuesday, October 14, 2025

 

തിരുവനന്തപുരം: ഇന്ത്യയുടെ ആഭ്യന്തര ക്രിക്കറ്റ് ടൂര്‍ണമെന്റായ രഞ്ജി ട്രോഫി മത്സരങ്ങള്‍ക്ക് നാളെ തുടക്കമാകും. ചരിത്രത്തിലാദ്യമായി കഴിഞ്ഞ സീസണില്‍ ഫൈനലിലെത്തിയ കേരളം ഇത്തവണയും മികച്ച പ്രകടനം ആവര്‍ത്തിക്കാന്‍ തയ്യാറെടുക്കുകയാണ്. ആദ്യ മത്സരത്തില്‍ കേരളം, മഹാരാഷ്ട്രയെയാണ് നേരിടുന്നത്.

മത്സരം തിരുവനന്തപുരം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തിലാണ് നടക്കുന്നത്. മുഹമ്മദ് അസ്ഹറുദ്ദീനാണ് കേരള ടീമിനെ നയിക്കുന്നത്. കഴിഞ്ഞ തവണത്തെപ്പോലെ കടുപ്പമേറിയ ഗ്രൂപ്പിലാണ് ഇത്തവണയും കേരളത്തിന്റെ സ്ഥാനം. എലൈറ്റ് ഗ്രൂപ്പ് ബിയിലാണ് കേരളം മത്സരിക്കുന്നത്. പഞ്ചാബ്, മധ്യപ്രദേശ്, കര്‍ണാടക, സൗരാഷ്ട്ര, ചണ്ഡീഗഢ്, മഹാരാഷ്ട്ര, ഗോവ എന്നിവരാണ് ഗ്രൂപ്പിലെ മറ്റ് ടീമുകള്‍.

വമ്പന്‍ താരനിരയുമായാണ് കേരളം ഇത്തവണയും കളത്തിലിറങ്ങുന്നത്. ബാറ്റിംഗ് നിരയില്‍ സഞ്ജു സാംസണിന്റെ സാന്നിധ്യം ടീമിന്റെ ആത്മവിശ്വാസം വര്‍ധിപ്പിക്കുന്നുണ്ട്. കഴിഞ്ഞ സീസണില്‍ ടീമിനായി കൂടുതല്‍ റണ്‍സ് നേടിയ മുഹമ്മദ് അസ്ഹറുദ്ദീന്‍, സച്ചിന്‍ ബേബി, സല്‍മാന്‍ നിസാര്‍, രോഹന്‍ കുന്നുമ്മല്‍ എന്നിവരും ബാറ്റിംഗില്‍ കരുത്താകും. ബൗളിംഗ് നിരയില്‍ നിധീഷ് എം.ഡി., ബേസില്‍ എന്‍.പി., ഏദന്‍ ആപ്പിള്‍ ടോം, ബാബ അപരാജിത്, അങ്കിത് ശര്‍മ്മ എന്നിവരാണ് പ്രധാനികള്‍.

അങ്കിത് ബാവ്ന നയിക്കുന്ന മഹാരാഷ്ട്ര ടീമും ശക്തരാണ്. മികച്ച ഫോമിലുള്ള പൃഥ്വി ഷാ, റിതുരാജ് ഗെയ്ക്വാദ് എന്നിവരാണ് മഹാരാഷ്ട്രയുടെ ബാറ്റിംഗ് നിരയെ നയിക്കുന്നത്. കേരളത്തിന്റെ ഓള്‍ റൗണ്ട് കരുത്തായിരുന്ന ജലജ് സക്‌സേന ഇത്തവണ മഹാരാഷ്ട്രയ്ക്ക് വേണ്ടിയാണ് കളിക്കുന്നത് എന്നത് ശ്രദ്ധേയമാണ്. അര്‍ഷിന്‍ കുല്‍ക്കര്‍ണ്ണിയാണ് അവരുടെ പ്രധാന ഓള്‍ റൗണ്ടര്‍. രജനീഷ് ഗുര്‍ബാനിയും വിക്കി ഓസ്വാളുമടങ്ങുന്ന ബൗളിംഗ് നിരയും മഹാരാഷ്ട്രയ്ക്ക് പ്രതീക്ഷ നല്‍കുന്നു.

കഴിഞ്ഞ സീസണില്‍ ഒരു മത്സരത്തില്‍ പോലും തോല്‍വി വഴങ്ങാതെ ഫൈനലില്‍ എത്തിയ കേരളത്തിന്, ആദ്യ ഇന്നിംഗ്സ് ലീഡിന്റെ മികവില്‍ വിദര്‍ഭയോട് കിരീടം നഷ്ടമാകുകയായിരുന്നു. ഫൈനലിലെത്തി ചരിത്രം സൃഷ്ടിച്ച കേരളം, ഇത്തവണയും ആ മികവ് ആവര്‍ത്തിക്കുമെന്ന ശുഭപ്രതീക്ഷയിലാണ്.