ആസാദ് കശ്മീർ പരാമർശം: ജലീലിനെതിരെ നടപടിക്ക് ഡല്‍ഹി പോലീസ്

Jaihind Webdesk
Sunday, August 21, 2022

 

ന്യൂഡൽഹി: ആസാദ് കശ്മീര്‍ പരാമർശത്തില്‍ കെ.ടി ജലീൽ എംഎൽഎക്കെതിരെ ഡല്‍ഹി പോലീസ് നടപടി ആരംഭിച്ചു. വിവാദ പരാമർശത്തിന്‍റെ അടിസ്ഥാനത്തിൽ ലഭിച്ച പരാതി അന്വേഷണത്തിനായി സൈബർ ക്രൈം വിഭാഗത്തിന് കൈമാറി. കേസെടുക്കുന്നത് സംബന്ധിച്ച നിയമോപദേശവും ഡൽഹി പോലീസ് തേടിയിട്ടുണ്ട്.

പരാതി നല്‍കിയെങ്കിലും അന്വേഷണം തുടങ്ങാതിരുന്നത് ചൂണ്ടിക്കാട്ടി ഡിസിപിക്ക് പരാതി പോയിരുന്നു. ഇതിന് പിന്നാലെയാണ് തുടർ നടപടികളിലേക്ക് ഡല്‍ഹി പോലീസ് കടക്കുന്നത്. ബിജെപിയുടെ അഭിഭാഷകൻ ജി.എസ് മണിയാണ് ഡൽഹി തിലക് മാർഗ് പോലീസ് സ്റ്റേഷനിൽ കെ.ടി ജലീലിനെതിരേ പരാതി നൽകിയത്. വിഷയത്തില്‍ നിയമോപദേശം ലഭിച്ച ശേഷം കേസെടുക്കാന്‍ സാധ്യതയുണ്ട്.

കശ്മീർ സന്ദർശനത്തിനിടെ കെ.ടി ജലീല്‍ ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിലെ പരാമർശമാണ് വിവാദമായത്. പാക് അധീന ഇന്ത്യയെ ആസാദ് കശ്മീർ എന്നാണ് ജലീല്‍ വിശേഷിപ്പിച്ചത്. ഇത് വന്‍ വിവാദങ്ങള്‍ക്ക് വഴിയൊരുക്കിയതിന് പിന്നാലെ ഫേസ്ബുക്ക് പോസ്റ്റ് തിരുത്തിയെങ്കിലും വിവാദ പരാമർശം തിരുത്താന്‍ ജലീല്‍ തയാറായില്ല.