കോട്ടയം: കോട്ടയം എരുമേലിയില്‍ വച്ച് അയ്യപ്പഭക്തന്റെ ഷോള്‍ഡര്‍ ബാഗ് കീറി പണം മോഷണം നടത്തിയ കേസില്‍ മൂന്നു പേരെ പോലീസ് അറസ്റ്റ് ചെയ്തു. തമിഴ്‌നാട് ഉത്തമപാളയം സ്വദേശിയായ പളനിസ്വാമി, കുമളി സ്വദേശിയായ ഭഗവതി, തമിഴ്‌നാട് ഡിണ്ടിഗല്‍ സ്വദേശിയായ മുരുകന്‍ എന്നിവരെയാണ് എരുമേലി പോലീസ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞദിവസം വെളുപ്പിനെ എരുമേലിയിലെ കൊച്ചമ്പലത്തില്‍ നിന്നും വലിയമ്പലത്തിലേക്ക് പേട്ടതുള്ളല്‍ നടത്തുന്ന സമയം ഇവര്‍ അന്യസംസ്ഥാന സ്വദേശിയായ അയ്യപ്പഭക്തന്റെ ഷോള്‍ഡര്‍ ബാഗ് കീറി അതിലുണ്ടായിരുന്ന പതിനാലായിരത്തോളം രൂപ മോഷ്ടിച്ച് കടന്നുകളയുകയായിരുന്നു. പരാതിയെ തുടര്‍ന്ന് എരുമേലി പോലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയും തുടര്‍ന്ന് നടത്തിയ ശാസ്ത്രീയമായ പരിശോധനയില്‍ മോഷ്ടാക്കളെ തിരിച്ചറിയുകയും, ജില്ലാ പോലീസ് മേധാവിയുടെ നേതൃത്വത്തിലുള്ള സ്‌ക്വാഡും, എരുമേലി പോലീസും നടത്തിയ തിരച്ചിലില്‍ ഇവരെ മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ പിടികൂടുകയുമായിരുന്നു.