Ayyappa Sangamam | പിണറായി സര്‍ക്കാരിന് തിരിച്ചടി: അയ്യപ്പ സംഗമം ആളില്ലാ പ്രഹസനം, സര്‍ക്കാരിന്റെ അയ്യപ്പ സ്നേഹം കപടമാണെന്ന് വീണ്ടും തെളിയിക്കപ്പെട്ടു.

Jaihind News Bureau
Saturday, September 20, 2025

പമ്പ: അയ്യപ്പ വിശ്വാസത്തിന്റെ പേരില്‍ കോടികളുടെ സ്‌പോണ്‍സര്‍ഷിപ്പ് ലക്ഷ്യമിട്ട് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് സംഘടിപ്പിച്ച ആഗോള അയ്യപ്പ സംഗമം വന്‍ പരാജയമായി മാറി. മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്ത ചടങ്ങില്‍ ഭൂരിപക്ഷവും ആളൊഴിഞ്ഞ കസേരകളായിരുന്നു ഉണ്ടായിരുന്നത്. സര്‍ക്കാര്‍ ജീവനക്കാരും സംഘാടകരും മാത്രമാണ് സദസ്സില്‍ പങ്കെടുത്തത്. നാലായിരത്തിലേറെ പേര്‍ പങ്കെടുക്കുമെന്ന് പ്രതീക്ഷിച്ച സമ്മേനത്തില്‍ എത്തിയത് അഞ്ഞൂറോളം പേര്‍ മാത്രമെന്ന് കണക്കാക്കുന്നു.

ദേവസ്വം ബോര്‍ഡിന്റെയും സര്‍ക്കാരിന്റെയും മൂവായിരത്തി അഞ്ഞൂറോളം അതിഥികളെക്കുറിച്ചുള്ള അവകാശവാദങ്ങള്‍ പൊളിഞ്ഞു. പഞ്ചനക്ഷത്ര സൗകര്യങ്ങളാണ് ദേവസ്വം ബോര്‍ഡ് അതിഥികള്‍ക്കായി ഒരുക്കിയിരുന്നത് അതിഥികളെ സ്വീകരിക്കാന്‍ ആളെ നിര്‍ത്തിയിട്ടും സദസ്സ് ഒഴിഞ്ഞു കിടന്നു. പാര്‍ട്ടി പത്രമായ ദേശാഭിമാനിയും അതിഥികള്‍ക്ക് വിതരണം നടത്തുന്നതും കാണാമായിരുന്നു തമിഴ്നാട്, കര്‍ണാടക, തെലങ്കാന, ഡല്‍ഹി സര്‍ക്കാരുകളെ ഔദ്യോഗികമായി ക്ഷണിച്ചെങ്കിലും തമിഴ്നാട് ഒഴികെയുള്ള സംസ്ഥാനങ്ങള്‍ ക്ഷണം നിരസിച്ചു. സംഗമത്തിലെ കച്ചവടക്കണ്ണ് തിരിച്ചറിഞ്ഞതാണ് സംസ്ഥാനങ്ങള്‍ പിന്മാറാന്‍ കാരണം.

തിരഞ്ഞെടുപ്പ് അടുത്തപ്പോള്‍ അയ്യപ്പ സ്‌നേഹം നടിച്ച പിണറായി സര്‍ക്കാരിന്റെ തട്ടിപ്പ് ജനങ്ങള്‍ തിരിച്ചറിഞ്ഞതിന്റെ തെളിവാണ് ഈ ജനപങ്കാളിത്തമില്ലായ്മ. പ്രതിപക്ഷം ഈ നിലപാട് നേരത്തേ തന്നെ പ്രഖ്യാപിച്ചിരുന്നു. തട്ടിപ്പാണെന്ന് തിരിച്ചറിഞ്ഞതോടെ വിശ്വാസികളും സമ്മേനത്തെ തിരസ്്ക്കരിച്ചു. സര്‍ക്കാര്‍ ഓര്‍ക്കേണ്ടത് ജനങ്ങള്‍ക്ക് നല്ല ഓര്‍മ്മശക്തി ഉണ്ട് എന്നുള്ളതാണ്. പെട്ടെന്നുണ്ടായ അയ്യപ്പ സ്നേഹം കപടമാണെന്ന് വീണ്ടും തെളിയിക്കപ്പെട്ടു. ഇതുപോലെ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന പരിപാടികളില്‍ ജനങ്ങള്‍ ഉണ്ടാകണമെന്നില്ല..