തിരുവനന്തപുരം: അയ്യപ്പഭക്തര്‍ക്കൊപ്പം നിലകൊള്ളുന്ന ഉറച്ച നിലപാടാണ് യു.ഡി.എഫിന് എന്നും ഉള്ളതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്. ‘അയ്യപ്പ സംഗമം’ ഏഴുനിലയില്‍ പൊട്ടിയെന്നും, യോഗി ആദിത്യനാഥും മുഖ്യമന്ത്രി പിണറായി വിജയനും തമ്മില്‍ ചങ്ങാതിമാരായതാണ് സംഗമത്തിലെ ഏക നേട്ടമെന്നും അദ്ദേഹം പരിഹസിച്ചു. കേരളത്തിലെ സി.പി.എമ്മിന് തീവ്ര വലതുപക്ഷ നിലപാടാണുള്ളതെന്നും അദ്ദേഹം ആരോപിച്ചു.
രാഹുല്‍ ഗാന്ധിയുടെ ശരീരത്തില്‍ വെടിയുണ്ട കയറും എന്ന ബിജെപി നേതാവിന്റെ പരാമര്‍ശത്തിനെതിരെ വി.ഡി. സതീശന് ശക്തമായി പ്രതികരിച്ചു. ‘ഗോഡ്സെയുടെ പിന്തുടര്ച്ചക്കാരാണ് ഇത്തരം ഭീഷണി മുഴക്കുന്നത്. രാഹുല്‍ ഗാന്ധിയുടെ ദേഹത്ത് ഒരു മണ്ണുവാരിയിടാന്‍ പോലും ആര്‍ക്കും കഴിയില്ല. അതിന് ജനാധിപത്യവിശ്വാസികള്‍ സമ്മതിക്കില്ല. ഒരു വാക്കുകൊണ്ടും രാഹുല്‍ ഗാന്ധിയെ ഭയപ്പെടുത്താന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. ഇത്ര ഗുരുതരമായ പരാമര്‍ശത്തിനെതിരെ കേരളത്തിലെ പൊലീസ് ഒരു നടപടിയും എടുത്തിട്ടില്ലെന്നും, പിണറായി സര്‍ക്കാര്‍ ബി.ജെ.പിയുമായി സന്ധി ചെയ്തിരിക്കുകയാണെന്നും സതീശന് ആരോപിച്ചു.
കേരളത്തിലെ യു.ഡി.എഫിന്റേത് ഉറച്ച മതേതര നിലപാടാണ്. ഭൂരിപക്ഷ വര്‍ഗ്ഗീയതക്കും ന്യൂനപക്ഷ വര്‍ഗ്ഗീയതക്കും യു.ഡി.എഫ്. ഒരുപോലെ എതിരാണെന്നും വി.ഡി. സതീശന് വ്യക്തമാക്കി. മുന്‍പ് ന്യൂനപക്ഷ വര്‍ഗ്ഗീയതയെ പ്രോത്സാഹിപ്പിച്ച സി.പി.ഐ.എം ഇപ്പോള്‍ ഭൂരിപക്ഷ വര്‍ഗ്ഗീയതയെ പ്രോത്സാഹിപ്പിക്കുന്നുവെന്നും കാപട്യമാണ് സര്‍ക്കാരിന്റെ മുഖമുദ്രയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
എന്‍.എസ്.എസ്സിന്റെ നിലപാടിനെതിരെ തങ്ങള്‍ പരാതി പറഞ്ഞിട്ടില്ല. അതൊരു സമുദായിക സംഘടനയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കൂടാതെ, പൊതുവിദ്യാഭ്യാസ മേഖലയെ സര്‍ക്കാര്‍ തകര്‍ക്കുകയാണെന്നും വി.ഡി. സതീശന് ആരോപിച്ചു.