സാന്‍ ഡിയേഗോ: ഇന്ത്യയുടെ ബഹിരാകാശ സ്വപ്നങ്ങള്‍ക്ക് പുതിയ ചിറകുകള് നല്കി, രാജ്യത്തിന്റെ ആദ്യത്തെ അന്താരാഷ്ട്ര ബഹിരാകാശ നിലയം (ഐ.എസ്.എസ്) യാത്രികനായ ഗ്രൂപ്പ് ക്യാപ്റ്റന്‍ ശുഭാംശു ശുക്ള ഭൂമിയില്‍ സുരക്ഷിതമായി തിരിച്ചെത്തി. 18 ദിവസം നീണ്ട ചരിത്രപരമായ ദൗത്യം പൂര്‍ത്തിയാക്കി, സ്പേസ്എക്സിന്റെ ഡ്രാഗണ്‍ പേടകത്തില്‍ ഇന്ത്യന്‍ സമയം ഉച്ചകഴിഞ്ഞ് 3:01 ന് സാന്‍ ഡിയേഗോ തീരത്തിനടുത്ത് ശാന്ത സമുദ്രത്തിലാണ് ശുഭാംശുവും സഹയാത്രികരും ഇറങ്ങിയത്.
തിങ്കളാഴ്ച വൈകുന്നേരം അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ നിന്ന് വേര്‍പെട്ട പേടകം, ഏകദേശം 22 മണിക്കൂര്‍ നീണ്ട മടക്കയാത്രയ്ക്ക് ശേഷമാണ് ഭൂമി തൊട്ടത്.
ശുഭാംശു ശുക്ലയുടെ സഹയാത്രികരായ കമാന്‍ഡര്‍ പെഗ്ഗി വിറ്റ്സണ്‍ (യുഎസ്എ), സ്ലാവോസ് ഉസ്നാന്‍സ്കി (പോളണ്ട്), ടിബോര്‍ കാപ്പു (ഹംഗറി) എന്നിവരും സുരക്ഷിതരാണ് ഈ ദൗത്യം പൂര്‍ത്തിയാക്കിയതോടെ, അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ എത്തുന്ന ആദ്യ ഇന്ത്യക്കാരനായി ശുഭാംശു ശുക്ള മാറി. 1984-ല്‍ രാകേഷ് ശര്‍മ്മ നടത്തിയ യാത്രയ്ക്ക് ശേഷം ബഹിരാകാശത്തെത്തുന്ന രണ്ടാമത്തെ ഇന്ത്യക്കാരന് കൂടിയാണ് അദ്ദേഹം.
ശുഭാംശു ശുക്ലയുടെ ദൗത്യം, ഇന്ത്യന്‍ ബഹിരാകാശ ഗവേഷണ സംഘടനയ്ക്ക് (ഇസ്രോ) മനുഷ്യ ബഹിരാകാശ യാത്രാ പ്രവര്‍ത്തനങ്ങളില്‍ വിലമതിക്കാനാവാത്ത പ്രായോഗിക അനുഭവമാണ് നല്‍കിയിരിക്കുന്നത്. ഈ അറിവും പരിചയവും ഗഗന്യാന് ദൗത്യത്തിന്റെ ആസൂത്രണത്തിലും നടത്തിപ്പിലും നിര്‍ണായകമാകും. ശുക്ലയുടെ 18 ദിവസത്തെ വിജയകരമായ ബഹിരാകാശ വാസം, നിര്‍ണായക ഘട്ടങ്ങളിലെ പ്രകടനം, ശാസ്ത്രീയ പരീക്ഷണങ്ങളിലെ പങ്കാളിത്തം എന്നിവയെല്ലാം മൈക്രോ ഗ്രാവിറ്റി, പേടകത്തിന്റെ പ്രവര്‍ത്തനം, യാത്രികരുടെ ആരോഗ്യ നിരീക്ഷണം, ദൗത്യത്തിന് ശേഷമുള്ള പുനരധിവാസം എന്നിവയെക്കുറിച്ച് ഇന്ത്യന്‍ സംഘത്തിന് പ്രായോഗിക ധാരണ നല്‍കിയതായി ഇസ്രോ അധികൃതരും വിദഗ്ധരും വിലയിരുത്തുന്നു.
ബഹിരാകാശത്ത് ചെലവഴിച്ച ദിവസങ്ങളില്‍, ജീവശാസ്ത്രം, പദാര്‍ത്ഥ ശാസ്ത്രം, നിര്‍മ്മിത ബുദ്ധി തുടങ്ങിയ മേഖലകളിലെ നിരവധി ആഗോള ശാസ്ത്രീയ പരീക്ഷണങ്ങളില്‍ ശുക്ല പങ്കാളിയായി. മൈക്രോ ഗ്രാവിറ്റിയില്‍ സസ്യങ്ങളുടെ വളര്‍ച്ച പഠിക്കുന്ന ‘സ്പ്രൗട്ട്സ് പ്രോജക്റ്റിലെ’ അദ്ദേഹത്തിന്റെ പങ്കാളിത്തം, ബഹിരാകാശത്ത് കൃഷി ചെയ്യുന്നതിനുള്ള സാധ്യതകളിലേക്ക് വെളിച്ചം വീശുന്നു. കൂടാതെ, കോശങ്ങളുടെ ആരോഗ്യം, പേശികളുടെ ശോഷണം, ഓട്ടോണമസ് റോബോട്ടിക്സ് എന്നിവയുമായി ബന്ധപ്പെട്ട പരീക്ഷണങ്ങളിലും അദ്ദേഹം പ്രവര്‍ത്തിച്ചു. ഈ ഗവേഷണങ്ങള്‍ ഭാവിയിലെ ബഹിരാകാശ ദൗത്യങ്ങള്‍ക്കും ഭൂമിയിലെ ശാസ്ത്രത്തിനും ഒരുപോലെ പ്രയോജനകരമാകും.