ആക്‌സിയം 4 ദൗത്യത്തിന്റെ ഭാഗമായി അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെത്തിയ ഇന്ത്യന്‍ ബഹിരാകാശ യാത്രികന്‍ ശുഭാംശു ശുക്ലയും സംഘവും ജൂലൈ 14 ന് ഭൂമിയിലേക്ക് മടങ്ങിയേക്കുമെന്ന് നാസ വ്യാഴാഴ്ച അറിയിച്ചു. ഐഎസ്എസ് സന്ദര്‍ശിച്ച ആദ്യ ഇന്ത്യക്കാരനും രാകേഷ് ശര്‍മ്മയ്ക്ക് ശേഷം ബഹിരാകാശയാത്ര നടത്തുന്ന രണ്ടാമത്തെ ഇന്ത്യക്കാരനുമാണ് ശുഭാംശു ശുക്ല.
ആക്‌സിയം 4 ദൗത്യത്തിന്റെ പുരോഗതി ശ്രദ്ധാപൂര്‍വ്വം നിരീക്ഷിച്ചു വരികയാണെന്നും ഈ മാസം 14 ന് അണ്‍ഡോക്ക് ചെയ്യാനാണ് നിലവിലെ തീരുമാനമെന്നും നാസ കൊമേഴ്‌സ്യല്‍ ക്രൂ പ്രോഗ്രാം മാനേജര്‍ സ്റ്റീവ് സ്റ്റിച്ച് ഒരു പത്രസമ്മേളനത്തില്‍ പറഞ്ഞു.
ജൂണ്‍ 25 ന് ഫ്‌ളോറിഡയിലെ കെന്നഡി സ്‌പേസ് സെന്ററില്‍ നിന്നാണ് ആക്‌സിയം 4 ദൗത്യം വിക്ഷേപിച്ചത്. 28 മണിക്കൂര്‍ യാത്രയ്ക്ക് ശേഷം ജൂണ്‍ 26 ന് ഡ്രാഗണ്‍ പേടകം അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ ഡോക്ക് ചെയ്തു. ബഹിരാകാശ നിലയത്തിലെത്തിയതിന് പിന്നാലെ ശുഭാംശു ശുക്ല ഉള്‍പ്പടെയുള്ളവര്‍ വിവിധ ശാസ്ത്ര പരീക്ഷണ ദൗത്യങ്ങള്‍ ആരംഭിച്ചിരുന്നു. മിഷന്‍ കമാന്‍ഡര്‍ പെഗ്ഗി വിറ്റ്സണ്‍, ഗ്രൂപ്പ് കാപ്റ്റന്‍ ശുഭാംശു ശുക്ല, മിഷന്‍ സ്പെഷ്യലിസ്റ്റുകളായ സ്ലാവോസ് ഉസ്നാന്‍സ്‌കി-വിസ്നിയേവ്സ്‌കി, ടൈബോര്‍ കാപു എന്നിവരാണ് ദൗത്യ സംഘത്തിലുള്ളത്.