
മുംബൈ: ടി20 ലോകകപ്പ് സെമിഫൈനലില്‍ ഇംഗ്ലണ്ടിനെതിരായ ഇന്ത്യയുടെ ആവേശകരമായ വിജയത്തില്‍ വൈസ് ക്യാപ്റ്റന്‍ അക്ഷര്‍ പട്ടേലിന്റെ ഫീല്‍ഡിംഗ് മികവിനെ വാനോളം പുകഴ്ത്തി ക്രിക്കറ്റ് ഇതിഹാസം സുനില്‍ ഗവാസ്‌കര്‍. ഫീല്‍ഡിംഗിലെ അക്ഷറിന്റെ അസാമാന്യമായ ഇടപെടല്‍ രവീന്ദ്ര ജഡേജയുടെ പ്രതാപകാലത്തെ ഓര്‍മ്മിപ്പിക്കുന്നതാണെന്ന് ഗവാസ്‌കര്‍ പറഞ്ഞു. ഇന്ത്യയുടെ എക്കാലത്തെയും മികച്ച ഫീല്‍ഡര്‍മാരില്‍ ഒരാളായ ജഡേജയുടെ വിടവ് അക്ഷര്‍ പട്ടേല്‍ അനായാസം നികത്തുന്നുവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
സഞ്ജു സാംസണിന്റെ വെടിക്കെട്ട് ബാറ്റിംഗിന്റെ കരുത്തില്‍ ഇന്ത്യ ഉയര്‍ത്തിയ 253 റണ്‍സ് എന്ന കൂറ്റന്‍ വിജയലക്ഷ്യം പിന്തുടര്‍ന്ന ഇംഗ്ലണ്ടിന് ജേക്കബ് ബെതെല്ലിന്റെ സെഞ്ചുറി കരുത്തുപകര്‍ന്നിരുന്നു. എന്നാല്‍ അക്ഷര്‍ പട്ടേലിന്റെ ഫീല്‍ഡിംഗ് മികവ് ഇംഗ്ലണ്ടിന്റെ മുന്നേറ്റത്തിന് തടയിട്ടു. ജസ്പ്രീത് ബുംറയുടെ പന്തില്‍ ഹാരി ബ്രൂക്ക് ഉയര്‍ത്തിയടിച്ച പന്ത് ഏകദേശം 24 മീറ്ററോളം പിന്നിലേക്ക് ഓടിയെത്തി, ഡൈവ് ചെയ്ത് അക്ഷര്‍ പിടിച്ചെടുത്തത് അവിശ്വസനീയമായ കാഴ്ചയായിരുന്നു. ഇത് മത്സരത്തില്‍ ഇന്ത്യയ്ക്ക് മുന്‍തൂക്കം നല്‍കി. ജേക്കബ് ബെതെല്ലിനൊപ്പം വില്‍ ജാക്‌സ് തകര്‍ത്തടിച്ചപ്പോള്‍ ഇന്ത്യ സമ്മര്‍ദ്ദത്തിലായിരുന്നു. എന്നാല്‍ ഡീപ് പോയിന്റില്‍ പന്ത് പിടിച്ചെടുത്ത അക്ഷര്‍, ബൗണ്ടറി ലൈനിന് അരികില്‍ വെച്ച് പന്തുമായി ബാലന്‍സ് നഷ്ടപ്പെടുന്നതിന് തൊട്ടുമുമ്പ് സമര്‍ത്ഥമായി ശിവം ദൂബെയ്ക്ക് കൈമാറി പുറത്താക്കിയത് മത്സരത്തിലെ മറ്റൊരു മാന്ത്രിക നിമിഷമായിരുന്നു.
‘ഹാരി ബ്രൂക്കിനെ പുറത്താക്കാന്‍ അക്ഷര്‍ എടുത്ത ക്യാച്ച് അവിശ്വസനീയമാണ്. 24 മീറ്റര്‍ ഓടിയെത്തി, പന്തില്‍ നിന്ന് കണ്ണെടുക്കാതെ ബാലന്‍സ് നിലനിര്‍ത്തി അദ്ദേഹം നടത്തിയ പ്രകടനം അതിഗംഭീരമാണ്,’ ഗവാസ്‌കര്‍ പറഞ്ഞു. ബാറ്റിംഗിലും ബോളിംഗിലും തിളങ്ങുന്ന അക്ഷര്‍ ഇന്ത്യയുടെ ഭാവിയിലെ ഇതിഹാസ താരങ്ങളില്‍ ഒരാളാകുമെന്ന് ഗവാസ്‌കര്‍ ഉറപ്പിച്ചു പറഞ്ഞു. ജഡേജയ്ക്ക് ശേഷം ആ വിടവ് കൃത്യമായി നികത്താന്‍ അക്ഷറിന് സാധിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.